04 November, 2020 08:49:16 PM
'അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റില്‍ സന്തോഷിക്കുന്നു'; നായ്ക്കിന്‍റെ കുടുംബം
മുംബൈ: റിപ്പബ്ലിക് ടീവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റില്‍ സന്തോഷിക്കുന്നുവെന്ന് ആന്‍വായ് നായ്ക്കിന്റെ കുടുംബം. ഇന്റീരിയര്‍ ഡിസൈനറായ അന്‍വായ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അര്‍ണബിന്റെ അറസ്റ്റ്. റിപ്പബ്ലിക് ടിവി, ഫിറോസ് ഷെയ്ഖ്, നിതീഷ് സര്‍ദ എന്നിവര്‍ തനിക്ക് തരാനുള്ള പണം നല്‍കാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന ആന്‍വായ് നായികിന്റെ കുറിപ്പ് പൊലീസ് നേരത്തെ കണ്ടെത്തിരുന്നു.
അര്‍ണബിന്റെ അറസ്റ്റില്‍ സന്തോഷമുണ്ടെന്നും നേരത്തെ കേസ് ഒഴിവാക്കാന്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും ഇപ്പോള്‍ കുടുംബം പറഞ്ഞു. റിപ്പബ്ലിക് ടി.വി തരാനുള്ള പണം നല്‍കാത്തത് തന്റെ അച്ഛനെയും മുത്തശ്ശിയെയും ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് നായിക്കിന്റെ മകള്‍ അദ്‌ന്യ ആരോപിച്ചു.
''ഞങ്ങള്‍ക്കിത് രാഷ്ട്രീയ വിഷയമാക്കാന്‍ ആഗ്രഹമില്ല, ഞങ്ങള്‍ക്ക് രണ്ട് പേര്‍ നഷ്ടപ്പെട്ടു. ഞങ്ങള്‍ക്ക് അര്‍ണബിനെപ്പോലെയുള്ളവര്‍ എത്രമാത്രം സ്വാധീനമുള്ളവരാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു'' ആന്‍വായ് നായ്ക്കിന്റെ മകള്‍ അദ്‌ന്യ പറഞ്ഞു. ബോളിവുഡ് നടന്‍ സുശാന്ത് സിങ് കേസുമായി താരതമ്യം ചെയ്താല്‍ തന്റെ ഭര്‍ത്താവ് ആത്മഹത്യാ കുറിപ്പ് എഴുതിയിട്ടും അറസ്റ്റ് ഒന്നും നടക്കാതിരുന്നത് എങ്ങനെ നീതിയാവുമെന്ന് നായ്ക്കിന്‍റെ ഭാര്യയും പറഞ്ഞു.
2018ല്‍ ഇന്റീരിയര്‍ ഡിസൈനറായ അന്‍വായ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്തിരുന്നു. കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ എം.ഡിയായിരുന്നു അന്‍വായ് നായിക്. ആര്‍കിടെക്ട്, ഇന്റീരിയര്‍ ഡിസൈന്‍ കമ്പനിയായിരുന്നു ഇത്.
റിപബ്ലിക് ടിവി, ഫിറോസ് ഷെയ്ഖ്, നിതീഷ് സര്‍ദ എന്നിവര്‍ തനിക്ക് തരാനുള്ള പണം നല്‍കാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന അന്‍വായ് നായികിന്റെ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. റിപബ്ലിക് ടിവി 83 ലക്ഷവും ഫിറോസ് ഷെയ്ഖ് 4 കോടി രൂപയും നിതീഷ് സര്‍ദ 55 ലക്ഷവും നല്‍കാനുണ്ടെന്നായിരുന്നു കുറിപ്പ്. സ്ഥാപനങ്ങള്‍ ഡിസൈന്‍ ചെയ്ത വകയില്‍ കോടികള്‍ ലഭിക്കാതിരുന്നതോടെ അന്‍വായ് കടക്കെണിയിലകപ്പെട്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.