02 November, 2020 05:55:03 PM
ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതിനേക്കാൾ നല്ലത് രാഷ്ട്രീയം വിടുന്നത് - മായാവതി
ദില്ലി: തീവ്ര ഹൈന്ദവ നിലപാടുമായി മുന്നോട്ടുപോകുന്ന ബി.ജെ.പിയുമായി ചേർന്ന് ഒരിക്കലും ബഹുജൻ സമാജ് വാദി പാർട്ടി പ്രവർത്തിക്കില്ലെന്ന് പാർട്ടി അധ്യക്ഷ മായാവതി. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനെ മുൻ നിർത്തിയാണ് മായാവതിയുടെ പ്രസ്താവന.
"ബി.ജെ.പിയും ബി.എസ്.പിയും ഒന്നിച്ച് മുന്നോട്ട് പോകില്ല. അത്തരം വർഗീയ പാർട്ടികളുമായി ചേർന്ന് ബി.എസ്.പിക്ക് പ്രവർത്തിക്കാനാവില്ല" മായാവതി പറഞ്ഞു. കോൺഗ്രസ്സും സമാജ് വാദി പാർട്ടിയും തന്‍റെ വാക്കുകൾ വളച്ചൊടിക്കുകയാണെന്നും, അതുവഴി മുസ്‍ലിംകളെ തങ്ങളിൽ നിന്നകറ്റുകയാണവരുടെ ലക്ഷ്യമെന്നും മായാവതി കൂട്ടിച്ചേർത്തു.
സമാജ്‌വാദി പാർട്ടിയുടെ തോൽവി ഉറപ്പുവരുത്താൻ ആവശ്യമെങ്കിൽ ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് വോട്ടുകൾ നൽകുമെന്ന് മായാവതി മുമ്പ് പറഞ്ഞിരുന്നു . എന്നാൽ വർഗീയതയും ജാതീയതയും മുതലാളിത്വവും കൈമുതലായി കൊണ്ട് നടക്കുന്ന ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതിനേക്കാൾ താൻ രാഷ്രീയത്തിൽ നിന്ന് വിരമിക്കുന്നതായിരിക്കും നല്ലതെന്നാണ് ബി.എസ്.പി അധ്യക്ഷയുടെ പുതിയ പ്രസ്താവന.