01 November, 2020 03:01:47 PM
ബിഹാര്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും
പട്ന: ബിഹാറിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഉത്തര്‍പ്രദേശുകാര്‍ രാഹുല്‍ ഗാന്ധിയെ ഒഴിവാക്കിയത് പോലെ ബീഹാർ തേജസ്വി യാദവിനേയും നീക്കുമെന്ന് ചപ്രയിലെ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭരണവിരുദ്ധ വികാരം ശക്തമാണെന്നും പൊള്ളയായ വാഗ്ദാനങ്ങള്‍ ജനം തിരിച്ചറിയുന്നു എന്നും ആര്‍.ജെ.ഡി നേതാവ് തേജസ്വിയാദവ് പ്രതികരിച്ചു.
പ്രധാനമന്ത്രിയുടെ പ്രവർത്തനത്തിന് ഫലമുണ്ടാകില്ലെന്നും ആരും നിതീഷ് കുമാറിന് വോട്ട് ചെയ്യില്ലെന്നും എല്‍.ജെ.പി നേതാവ് ചിരാഗ് പസ്വാനും പറഞ്ഞു. പ്രതിപക്ഷത്തെ കടന്നാക്രമിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണ റാലികളെ അഭിസംബോധന ചെയ്തത്. ബീഹാർ ജനതയുടെ വികസനത്തേക്കാള്‍ സ്വന്തം നേട്ടമാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. പുല്‍വാമയില്‍ ജവാന്മാർ ജീവത്യാഗം ചെയ്തപ്പോള്‍ രാജ്യം ദുഖിക്കവെ മാറി നിന്നവരാണ് പ്രതിപക്ഷം. യുപിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ നീക്കിയത് പോലെ ജനം തേജസ്വി യാദവിനെയും നീക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി എത്ര ശ്രമിച്ചിട്ടും കാര്യമില്ലെന്നും ബിഹാറിലെ ഒരാള്‍ പോലും നിതീഷ് കുമാറിന് വോട്ട് ചെയ്യില്ലെന്നും എല്‍.ജെ.പി നേതാവ് ചിരാഗ് പസ്വാന്‍ പ്രതികരിച്ചു. ഒന്നിനോടും ഏറെക്കാലം ബീഹാറിന് ചേർന്ന് നില്‍ക്കാനാകില്ലെന്നും പൊള്ളയായ വാഗ്ദാനവും കള്ളത്തരവും ജനം തിരിച്ചറിയുന്നുണ്ട് എന്നും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ് പറഞ്ഞു.
നവംബർ മൂന്നിന് 17 ജില്ലകളിലായി 94 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. തേജസ്വി യാദവ്, സഹോദരന് തേജ് പ്രതാപ്, ബി.ജെ.പി വക്താവ് നിഖില് ആനന്ദ്, എല്ജെപി നേതാവ് രാജു തിവാരി അടക്കമുള്ളവർ രണ്ടാം ഘട്ടത്തില്‍ജനവിധി തേടും. ആർജെഡി 56ഉം ബിജെപി 46ഉം ജെഡിയു 43ഉം കോണ്ർഗ്രസ് 28ഉം ഇടത് പാർട്ടികള് 14ഉം VIP 5 ഉം സീറ്റുകളിലാണ് മത്സരിക്കുന്നത്. 11 സംസ്ഥാങ്ങളിലെ 54 നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണവും ഇന്ന് അവസാനിക്കും.