28 October, 2020 04:07:04 PM


അറസ്റ്റിലായത് മുഖ്യമന്ത്രിയുടെ പരമയോഗ്യന്‍; ഇനി എന്ത് ന്യായീകരണമാണുള്ളത്? - മുനീർ



കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അറസ്റ്റിലായതിനെ സംസ്ഥാന സർക്കാർ എന്ത് പറഞ്ഞു ന്യായീകരിക്കുമെന്ന് എം. കെ മുനീർ. ' മുഖ്യമന്ത്രിയുടെ ഓഫീസിലെ സർവ്വാധികാരിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്, ഇപ്പോൾ അന്വേഷണം ശരിയായ ദിശയിലേക്ക് തന്നെയല്ലേ? ' ഫേസ്ബുക് പോസ്റ്റിലൂടെ ഉപപ്രതിപക്ഷ നേതാവ് പരിഹസിച്ചു.


വിദേശ കമ്പനിയുമായി സ്വന്തം നിലയിൽ കരാർ ഒപ്പിടാൻ മാത്രം സ്വാധീനം ഉണ്ടായിരുന്ന വ്യക്തിയായിരുന്നു അ​ദ്ദേഹമെന്നും മുഖ്യമന്ത്രിയുടെ ആ പരമ യോഗ്യനെയാണ്​ അറസ്​റ്റ്​ ചെയ്​തിരിക്കുന്നതെന്നും എം.കെ. മുനീർ പറഞ്ഞു. വഞ്ചിയൂരിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ശിവശങ്കറിന്‍റെ ജാമ്യപേക്ഷ ഹൈകോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റ് അദ്ദേഹത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.


എം. കെ മുനീറിന്‍റെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം

"ഇപ്പോൾ അന്വേഷണം ശരിയായ ദിശയിലേക്ക് തന്നെയല്ലേ?"മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തതിന് എന്ത് ന്യായീകരണമാണ് ഇനി പറയാനുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സർവ്വാധികാരിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിദേശ കമ്പനിയുമായി സ്വന്തം നിലയിൽ കരാർ ഒപ്പിടാൻ മാത്രം സ്വാധീനം ഉണ്ടായിരുന്ന വ്യക്തിയാണ് അദ്ദേഹം. മുഖ്യമന്ത്രിയുടെ പരമ യോഗ്യനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇനി എണ്ണിയെണ്ണി ശിവശങ്കർ സത്യങ്ങൾ പറയുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്.

ഇനിയും ആ കസേരയിൽ ഇരിക്കാൻ ഉള്ള ധാർമികതയുടെ അളവുകോൽ എന്താണെന്ന് മാത്രം മുഖ്യമന്ത്രിയോട് ചോദിക്കുന്നില്ല.."





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K