28 October, 2020 11:47:46 AM
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; ശിവശങ്കര്‍ കസ്റ്റഡിയില്‍, അറസ്റ്റ് ഉടനെന്ന് സൂചന
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യമില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് അശോക് മോനോനാണ് വിധി പറഞ്ഞത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കേസിലാണ് വിധി. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ ആശുപത്രിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ശിവശങ്കറിനെ കൊച്ചിയിലെത്തിക്കും. അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന.
കസ്റ്റംസ് , ഇഡി എന്നീ ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ശിവശങ്കർ സ്വാധീനമുള്ള ഉദ്യോഗസ്ഥനാണെന്നും സ്വർണക്കടത്തു ഗൂഡലോചനയിൽ പങ്കുണ്ടെന്നുമാണ് ഇഡി കോടതിയെ അറിയിച്ചിട്ടുളളത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പദവി സ്വർണക്കടത്തിന് സഹായിക്കാൻ ഉപയോഗിച്ചു. ചോദ്യം ചെയ്യലില്‍ പൂർണമായ നിസ്സകരണം ആണ് ശിവശങ്കറിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. സ്വര്‍ണക്കടത്തില്‍ പ്രധാന ആസൂത്രകൻ ശിവശങ്കർ ആണെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണം സ്വപ്ന ശിവശങ്കറിന്‍റെ വിശ്വസ്ത ആണ് സ്വപ്നയെ മറയാക്കി ശിവശങ്കർ തന്നെ ആകാം എല്ലാം നിയന്ത്രിച്ചതെന്നുമായിരുന്നു ഇഡിയുടെ വാദം.
കൂടാതെ ശിവശങ്കറിനെതിരെയുള്ള തെളിവുകള്‍ ഇഡി കോടതിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. കസ്റ്റംസും ജാമ്യാപേക്ഷയെ എതിര്‍ത്തു കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഏത് കേസിലാണ് അറസ്റ്റ് ചെയ്യുന്നതെന്ന് പോലും സൂചിപ്പിക്കാതെയുള്ള മുന്‍കൂര്‍ ജാമ്യാപേക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് കസ്റ്റംസ് അറിയിച്ചിട്ടുള്ളത്. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കുന്നതിന് ഒരു തരത്തിലുള്ള സഹായവും നൽകിയിട്ടില്ലന്ന് ശിവശങ്കര്‍ കോടതിയെ അറിയിച്ചിരുന്നു.