26 October, 2020 12:10:52 PM
ഷമീറിനെ മർദിച്ചത് പോലീസെന്ന് പറയാൻ ഋഷിരാജ് സിങ് ആവശ്യപ്പെട്ടു - ഷമീറിന്‍റെ ഭാര്യ
തൃശൂര്‍: അമ്പിളിക്കല കോവിഡ് സെന്‍ററിലെ ഷമീറിന്‍റെ കസ്റ്റഡി മരണത്തില്‍ വെളിപ്പെടുത്തലുകളുമായി ഭാര്യ സുമയ്യ. കോവിഡ് സെന്‍ററിൽ വച്ചാണ് ഷമീറിനെ ജയില്‍ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത്. ജയിൽ ഉദ്യോഗസ്ഥർ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടാൻ ഷമീറിനോട് ആവശ്യപ്പെട്ടു. രക്ഷപ്പെടണമെങ്കില്‍ ഇവിടുന്ന് ചാടിക്കോ എന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. ഷമീറിനെ ഉദ്യോഗസ്ഥർ മർദ്ദിക്കുന്നതു കണ്ടതായും സുമയ്യ ഒരു പ്രമുഖചാനലിനോട് പറഞ്ഞു.
മര്‍ദ്ദിക്കുമ്പോള്‍ ഷമീറിന്‍റെ രണ്ട് കയ്യിലും വിലങ്ങുണ്ടായിരുന്നു. തിരിച്ചു പ്രതികരിക്കാതിരിക്കാന്‍ വേണ്ടി. തനിക്ക് രണ്ട് പെണ്‍മക്കളാണ്, തന്നെ ഉപദ്രവിക്കല്ലേ, കൊല്ലല്ലേ സാറേ എന്ന് പറഞ്ഞ് ഷമീര്‍ നിലവിളിച്ചതായും സുമയ്യ പറഞ്ഞു. എന്നാല്‍ ഷമീറിനെ മർദിച്ചത് ജയില്‍ ഉദ്യോഗസ്ഥരല്ല, പോലീസാണെന്ന് പറയാൻ ജയില്‍ മേധാവി ഋഷിരാജ് സിങ് തന്നോട് ആവശ്യപ്പെട്ടതായും സുമയ്യ പറഞ്ഞു. കാക്കനാട് ജയിലിൽ നേരിട്ടെത്തി രണ്ട് മണിക്കൂറോളം തന്നോട് ഋഷിരാജ് സിങ് സംസാരിച്ചുവെന്നാണ് സുമയ്യ വെളിപ്പെടുത്തിയത്.
തന്‍റെ ഭര്‍ത്താവിനെ ആരാണ് മര്‍ദ്ദിച്ചതെന്ന് താന്‍ വ്യക്തമായി കണ്ടതുകൊണ്ടുതന്നെ ഋഷിരാജ് സിംഗിനോട് താന്‍ തര്‍ക്കിച്ചെന്നും സുമയ്യ പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ വെച്ച് ഷമീറിന് മര്‍ദ്ദനം ഏറ്റിട്ടില്ലെന്നും സുമയ്യ തറപ്പിച്ചു പറയുന്നു. താന്‍ പറയുന്നതില്‍ സംശയമുണ്ടെങ്കില്‍ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാവുന്നതാണെന്നും സുമയ്യ പറയുന്നു.