25 October, 2020 10:18:28 AM


പി സി തോമസിന്‍റെ യു ഡി എഫ് പ്രവേശനം ഉപാധികള്‍ ഒന്നുമില്ലാതെ?



കൊച്ചി: കേരള കോണ്‍ഗ്രസ് പിസി തോമസ് വിഭാഗം യുഡിഎഫിലേക്ക്. ഉപാധികളില്ലാതെ വരണം എന്ന കോണ്‍ഗ്രസിന്റെ ആവശ്യം പിസി തോമസ് അംഗീകരിച്ചതായിട്ടാണ് വിവരം. തോമസ് വരും ദിവസങ്ങളില്‍ യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തും. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് (എം) വിഭാഗം മുന്നണി വിട്ട സാഹചര്യത്തില്‍ പിസി തോമസിനെ ഒപ്പം കൂട്ടുന്നതും മധ്യ കേരളത്തില്‍ ഗുണം ചെയ്യും എന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്.


ഉപാധികളില്ലാതെ മുന്നണിയിലേക്ക് വരാന്‍ പിസി തോമസും സമ്മതിച്ചതോടെ മുന്നണി പ്രവേശനത്തിന് വഴിയൊരുങ്ങി. കഴിഞ്ഞ ദിവസം എന്‍ഡിഎയില്‍ വേണ്ട പ്രാതിനിധ്യം കിട്ടുന്നില്ലെന്ന് പിസി തോമസ് പറഞ്ഞിരുന്നു. ഇത് യുഡിഎഫ് പ്രവേശനത്തിന്റെ ഭാഗമെന്ന് കരുതണം. കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളുമായി തോമസ് ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നാണ് വിവരം. അടുത്ത ദിവസങ്ങളില്‍ നേരിട്ടെത്തി ചര്‍ച്ച നടത്തുമെന്നും വിവരമുണ്ട്.


വാഗ്ദാനം ചെയ്ത ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ ലഭിക്കാതെ വന്നതോടെയാണു തോമസ് എന്‍ഡിഎയുമായി അകന്നതെന്നാണ് വിവരം. അന്നു മുതല്‍ യുഡിഎഫില്‍ ചേരാന്‍ ശ്രമങ്ങള്‍ തുടരുകയുമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സഹകരിച്ചു പോകാനാണു ധാരണ. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റാണു യുഡിഎഫിന്റെ വാഗ്ദാനമെന്നും റിപ്പോര്‍ട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K