25 October, 2020 08:34:45 AM
കളമശേരി മെഡിക്കല്‍ കോളേജിലെ ചികിത്സാപിഴവ്; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി
കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജിലെ ചികിത്സാപിഴവുമായി ബന്ധപ്പെട്ട പരാതികളില്‍ മൂന്ന് ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഐ.ജി വിജയ് സാഖറെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സയിലിരിക്കെ മരിച്ച ഹാരിസ്, ബൈഹക്കി, ജമീല തുടങ്ങിയവരുടെ ബന്ധുക്കളുടെ പരാതിയിലാണ് ഇപ്പോള്‍ പൊലീസ് നടപടി പുരോഗമിക്കുന്നത്. ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസിന്‍റെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളജ് അധികൃതരുടെ മൊഴിയെടുക്കല്‍ ഇന്നും തുടരും.
രണ്ടു ദിവസമായി മെഡിക്കല്‍ കോളജ് അധികൃതരില്‍ നിന്നും വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുമുണ്ട്. അത് ഇന്നും തുടരും. ആര്‍.എം.ഒ, മെഡിക്കല്‍ കോളജ് സൂപ്രണ്ട് തുടങ്ങിയവരുടെ മൊഴി ഇതിനോടകം രേഖപ്പെടുത്തി. ഹാരിസിന്‍റെ ബന്ധുക്കളുടെയും, വീഴ്ച ചൂണ്ടിക്കാട്ടിയ ഡോ. നജ്മയുടെയും വിശദമായ മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. നജ്മയില്‍ നിന്ന് ബൈഹക്കിയുടെയും ജമീലയുടെയും ചികിത്സയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചോദിച്ചറിഞ്ഞു. ചികിത്സാപിഴവ് ചൂണ്ടിക്കാട്ടി ശബ്ദസന്ദേശം അയച്ച നഴിസിങ് ഓഫീസറുടെ മൊഴിയും കോട്ടയത്തെ അവരുടെ വീട്ടിലെത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിരുന്നു.
അതേസമയം, മരിച്ച ബൈഹക്കി, ജമീല എന്നിവരുടെ കുടുംബാംഗങ്ങളില്‍ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഇന്നോ നാളെയോ ഇതുമായി ബന്ധപ്പെട്ട നടപടി ഉണ്ടായേക്കും. ഏറെ വിവാദം സൃഷ്ടിച്ച ആരോപണങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായ സാഹചര്യത്തില്‍ അതീവ ഗൌരവത്തോടെയാണ് കേസിനെ കൈകാര്യം ചെയ്യുന്നതെന്ന് ഇന്നലെ ഐ.ജി വിജയ് സഖറെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ എത്രയും വേഗത്തില്‍ കേസന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുളള ശ്രമത്തിലാണ് പൊലീസ്.