25 October, 2020 08:17:39 AM
ഹാഥ്റസ്: പ്രത്യേക അന്വേഷണ സംഘത്തിലെ ഡിഐജിയുടെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍
ലക്‌നൗ: ഹാഥ്റസ് കേസ് അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ (എസ്‌ഐടി) ഐപിഎസ് ഉദ്യോഗസ്ഥന്‍റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍. മൂന്നംഗ അന്വേഷണ സംഘത്തിലൊരാളായ ഡിഐജി ചന്ദ്രപ്രകാശിന്റെ ഭാര്യ പുഷ്പ പ്രകാശിനെയാണ് മരിച്ച നിലയില്‍ കണ്ടത്. 36 വയസ്സായിരുന്നു. ആത്ഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല.
ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ലക്‌നൗവിലെ സുശാന്ത് ഗോള്‍ഫ് സിറ്റി പ്രദേശത്തെ വീട്ടിലെ മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. ബന്ധുക്കള്‍ ഉടന്‍ ലോഹ്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്ന് ഡിസിപി ചാരു നിഗം അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.
2005 ബാച്ച് ഐപിഎസ് ഓഫീസറായ ചന്ദ്രപ്രകാശ് നിലവില്‍ ഉന്നാവോയിലാണ് ജോലി ചെയ്യുന്നത്. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ഹാഥ്റസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞതോടെയാണ് പ്രത്യേക സംഘം രൂപീകരിച്ചത്. ഈ സംഘത്തില്‍ ചന്ദ്രപ്രകാശ് ഉള്‍പ്പെടെ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ ആവശ്യപ്രകാരം കേസ് സിബിഐക്ക് കൈമാറി.