23 October, 2020 02:03:23 PM
കെ.എം ഷാജിയുടെ സ്വത്ത് വിവരങ്ങളും എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് പരിശോധിക്കുന്നു

കോഴിക്കോട്: കൈക്കൂലി കേസിലെ അന്വേഷണത്തിന്‍റെ ചുവട് പിടിച്ച് കെ.എം ഷാജി എം.എൽ.എയുടെ സ്വത്ത് വിവരങ്ങളും എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് പരിശോധിക്കുന്നു. അഴിമതി ആരോപണം ഉയരുന്നതിന് മുമ്പ് വാങ്ങിയ ആസ്തികളുടെ രേഖകളടക്കം ഹാജരാക്കണമെന്നാണ് കെ.എം ഷാജിയോട് നിർദ്ദേശിച്ചിരിക്കുന്നത്. അനുവദിച്ചതിലും കൂടുതല്‍ അളവിലാണ് കെ.എം ഷാജി കോഴിക്കോട് വീട് നിര്‍മിച്ചിരിക്കുന്നതെന്ന് കോര്‍പ്പറേഷന്‍ എന്‍ഫോഴ്സ്മെന്‍റിനെ അറിയിക്കും.
കെ.എം ഷാജി എം.എൽ.എയുടെ ബാങ്ക് ഇടപാടുകൾ ഇ.ഡി വിശദമായി പരിശോധിച്ചിരുന്നു. കൈക്കൂലിയായി നൽകിയെന്ന് പറയുന്ന 25 ലക്ഷം സംബന്ധിച്ച വിവരങ്ങളൊന്നും രേഖകളിൽ കണ്ടെത്തിയിട്ടില്ല. തുടർന്നാണ് ആസ്തിവിവരങ്ങൾ ശേഖരിക്കുന്നത്. അഴീക്കോട് സ്കൂളിന് +2 സീറ്റ് അനുവദിച്ച 2014ന് മുമ്പുള്ള വിവരങ്ങളും ഇ.ഡി ശേഖരിക്കുന്നുണ്ട്. എം.എല്‍.എ ആകുന്നതിന് മുമ്പ് കോഴിക്കോട് മാലൂർകുന്നിൽ വാങ്ങിയ ഭൂമിയുടെ വിവരങ്ങളും, 2011 ൽ ആദ്യം എം.എല്‍.എയായതിന് പിന്നാലെ വാങ്ങിയ അഴീക്കോട്ടെ വില്ലയുടെ രേഖകളുമടക്കം ഷാജിയോട് ഇ.ഡി ചോദിച്ചിട്ടുണ്ട്.
നവംബർ 10 ന് ചോദ്യം ചെയ്യലിന് എത്തുമ്പോൾ വിദേശയാത്രകൾ സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കാൻ പാസ്പോർട്ട് ഹാജരാക്കണമെന്ന് ഇ.ഡി നൽകിയ നോട്ടീസിൽ പറയുന്നു. അതേസമയം 3000 സ്ക്വയര്‍ഫീറ്റില്‍ വീട് നിർമ്മിക്കാൻ നൽകിയ അനുമതിയുടെ മറവിൽ 5260 സ്ക്വയര്‍ഫീറ്റിലുള്ള വീട് കെ.എം ഷാജി നിർമ്മിച്ചെന്ന് കോർപ്പറേഷൻ കണ്ടെത്തിയിട്ടുണ്ട്. 2015 ൽ പൂർത്തിയാക്കിയ വീടിന്‍റെ കെട്ടിട നികുതിയും ആഡംബര നികുതിയും ഇതുവരെ അടച്ചിട്ടില്ലെന്ന് കോർപ്പറേഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.