16 October, 2020 11:41:37 PM


കസ്റ്റംസ് കസ്റ്റഡിയില്‍ ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു



തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസ് നീക്കം. കസ്റ്റംസ് വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ ശിവശങ്കറിന് ദേഹാസ്വസ്ഥ്യമുണ്ടായി. തിരുവനന്തപുരം കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിലേക്ക് കൊണ്ടുപോകും വഴി നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. കാർഡിയാക് ഐസിയുവിൽ പ്രവേശിപ്പിച്ച ശിവശങ്കറിന് കൂടുതല്‍ പരിശോധന വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കസ്റ്റംസ് സംഘം ആശുപത്രിയില്‍ നിന്ന് മടങ്ങി.


ശിവശങ്കറിന്‍റെ ഇസിജിയില്‍ വ്യത്യാസമുണ്ട്. രക്തസമ്മര്‍ദവും കൂടിയ നിലയിലാണ്. അതിനാല്‍ കൂടുതല്‍ പരിശോധനകള്‍ നടത്തും. കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണര്‍ രാമമൂര്‍ത്തി ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സന്ദീപിന്‍റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചതെന്നാണ് സൂചന.


എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിന്‍റെ അറസ്റ്റ് കഴിഞ്ഞ ദിവസം ഹൈക്കോടതി തടഞ്ഞിരുന്നു. ഈ മാസം 23 വരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. അന്വേഷണ ഏജന്‍സികള്‍ 90 മണിക്കൂറിലധികമായി തന്നെ ചോദ്യം ചെയ്യുകയാണ്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ബാഹ്യ ശക്തികള്‍ കേസില്‍ ഇടപെടുന്നുണ്ടെന്നും കാണിച്ച് ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K