16 October, 2020 06:41:27 PM
നടന്‍ സുശാന്തിന്‍റെ മരണം: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അഭിഭാഷകന്‍ അറസ്റ്റില്‍
ദില്ലി: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജപുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അഭിഭാഷകന്‍ അറസ്റ്റില്‍. ഡല്‍ഹി സ്വദേശിയായ വിഭോര്‍ ആനന്ദാണ് അറസ്റ്റിലായത്. വ്യാഴാഴ്ച മുതല്‍ മുംബൈ പൊലീസിന്‍റെ സൈബര്‍ സെല്ലിന്‍റെ കസ്റ്റഡിയിലായിരുന്ന ഇയാളുടെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്. സുശാന്തിന്‍റെ മരണത്തിന് അദ്ദേഹത്തിന്‍റെ മുന്‍ മാനേജര്‍ ദിഷയുടെ മരണവുമായി ബന്ധമുണ്ടെന്നായിരുന്നു ട്വിറ്റര്‍ പോസ്റ്റിലൂടെ ഇയാള്‍ ആരോപിച്ചത്. ബോളിവുഡ് നടനും നിര്‍മാതാവുമായ അര്‍ബാസ് ഖാനും കേസില്‍ ബന്ധമുണ്ടെന്നും ഇയാള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് അര്‍ബാസ് ഖാന്‍ ആനന്ദിനെതിരെ പരാതി നല്‍കിയിരുന്നു.
യൂട്യൂബിലും സജീവമായിരുന്ന ആനന്ദ് സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ മന്ത്രിമാര്‍ക്കെതിരെയും ഇയാള്‍ രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്ര സര്‍ക്കാറിനേയും പൊലീസിനേയും മോശമാക്കാന്‍ 80,000ത്തോളം വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ സൃഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന്‍റെ അന്വേഷണത്തിനിടെയായിരുന്നു വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ കണ്ടെത്തിയത്. വ്യാജ അക്കൗണ്ടുകളില്‍ ഐ.ടി ആക്ട് അനുസരിച്ച് കേസെടുത്ത് അന്വേഷണം നടത്തുകയും ചെയ്തിരുന്നു.