16 October, 2020 01:44:01 PM
തമ്മിലടി രൂക്ഷം: എം.സി.ബി.എസ് സഭയുടെ ഭരണം മാര്‍പാപ്പ ഏറ്റെടുത്തു
കോട്ടയം: കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതും സിറോ മലബാര്‍ സഭയിലെ പ്രമുഖ വൈദിക സന്യാസ സഭയുമായ മിഷണറി കോണ്‍ഗ്രിഗേഷന്‍ ഓഫ് ബ്ലെസഡ് സാക്രമെന്റ് (ദിവ്യകാരുണ്യ ആരാധന സഭ-എം.സി.ബി.എസ്) ഭരണം മാര്‍പാപ്പ ഏറ്റെടുത്തു. സഭയിലെ തമ്മില്‍തല്ലും വൈദികര്‍ക്കിടയിലെ ചേരിതിരിവുമാണ് കടുത്ത നടപടിയിലേക്ക് കടക്കാന്‍ വത്തിക്കാതെ പ്രേരിപ്പിച്ചത്. സി.എം.ഐ സഭ മുന്‍ പ്രിയോര്‍ ജനറാളും ബംഗലൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ ഫാ.പോള്‍ അച്ചാണ്ടിയെയാണ് വത്തിക്കാന്‍ അപ്പസ്‌തോലിക് വിസിറ്ററായി നിയമിച്ചിരിക്കുന്നത്.
മറ്റൊരു സന്യാസ സഭയില്‍ നിന്നുള്ള വൈദികന് ഭരണചുമതല കൈമാറി അസാധാരണമായ നടപടിയാണ് വത്തിക്കാന്‍ സ്വീകരിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച വത്തിക്കാനിലെ പൗരസ്ത്യസഭകള്‍ക്കായുള്ള തിരുസംഘത്തിന്റെ 'പ്രത്യേക ഉത്തരവ്' (Ad Nutum Sanctae Sedis) ഒക്‌ടോബര്‍ 13നാണ് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി നല്‍കിയതെന്ന് നിലവിലെ സുപ്പീരിയര്‍ ജനറല്‍ ഫാ.ജോസഫ് മലേപറമ്പില്‍ എം.സി.ബി.എസ് വൈദികര്‍ക്കും സന്യസ്തര്‍ക്കുമായി ഇന്നലെ അയച്ച കത്തില്‍ പറയുന്നു.
സിറോ മലബാര്‍ സഭയില്‍ അടുത്തകാലത്ത് വത്തിക്കാനില്‍ നിന്നുണ്ടാകുന്ന രണ്ടാമത്തെ നടപടിയാണിത്. ഭൂമി വില്പന വിവാദത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ എറണാകുളം-അങ്കമാലി അതിരൂപതയിലേക്ക് വത്തിക്കാന്‍ ആദ്യം അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുകയും പിന്നീട് ഭരണച്ചുമതല മെത്രാപ്പോലീത്തന്‍ വികാരിക്ക് കൈമാറുകയും ചെയ്തിരുന്നു.
കോട്ടയം കടുവാക്കളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എം.സി.ബി.എസ് സഭയില്‍ ഏറെക്കാലമായി തമ്മിലടി രൂക്ഷമായിരുന്നു. മേലധികാരിയുടെ നിര്‍ദേശം ലംഘിച്ചതിന്റെ പേരില്‍ ഏതാനും വൈദികര്‍ക്കെതിരെ കോട്ടയം പ്രൊവിന്‍ഷ്യാള്‍ സസ്‌പെന്‍ഷന്‍ അടക്കം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതിനെതിരെ ഇവര്‍ വത്തിക്കാനില്‍ പരാതിയും നല്‍കിയിരുന്നു. ഇതിനിടെ കോട്ടയം പ്രൊവിന്‍സിനോട് വിധേയത്വം പുലര്‍ത്തിയിരുന്ന വലിയൊരു വിഭാഗം വൈദികരെ അടര്‍ത്തിമാറ്റി ഭരണംപിടിക്കാന്‍ വിമതപക്ഷം ശ്രമിച്ചതും ശ്രദ്ധയില്‍പെട്ടതോടെയാണ് വത്തിക്കാന്‍ കടുത്ത നടപടിയിലേക്ക് കടക്കുന്നത്.