15 October, 2020 11:43:55 PM
റേഷന്‍ കട അനുവദിച്ചതിനെച്ചൊല്ലി തര്‍ക്കം; യുപിയില്‍ ഒരാളെ വെടിവച്ചുകൊന്നു
റേഷന്‍ കട അലോട്ട്മെന്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ബാല്ലിയയില്‍ ഒരാളെ വെടിവച്ചു കൊലപ്പെടുത്തി. 46കാരനായ ജയ്പ്രകാശ് അല്യാസ ഗാമയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച ബാല്ലിയയിലെ റിയോട്ടി പ്രദേശത്തെ ദുർജാൻപൂർ ഗ്രാമത്തിലാണ് സംഭവം.
റേഷൻ ഷോപ്പുകൾ തെരഞ്ഞെടുക്കുന്നതിനായി പഞ്ചായത്ത് ഭവനിൽ വിളിച്ച യോഗം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് റദ്ദാക്കിയതിനെത്തുടർന്ന് ധീരേന്ദ്ര പ്രജാപതി വെടിയുതിർക്കുകയായിരുന്നുവെന്ന് വാര്‍ത്താ .ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അംഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് യോഗം റദ്ദാക്കിയതെന്ന് പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര നാഥ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സഹോദരൻ ചന്ദ്രമയുടെ പരാതിയിൽ 15-20 പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഗ്രാമത്തിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇവിടെ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്ന എസ്ഡിഎം, സർക്കിൾ ഓഫീസർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരെ സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും യോഗി പറഞ്ഞു.