05 October, 2020 11:01:15 AM
ആളില്ലാത്ത അടല്‍ തുരങ്കത്തിൽ കെെവീശി പ്രധാനമന്ത്രി: വ്യാപക ട്രോളുമായി സോഷ്യൽ മീഡിയ
ദില്ലി: പത്ത് വർഷത്തെ കാത്തിരുപ്പിന് ശേഷം രാജ്യത്തിന് അഭിമാനമായി അടല്‍ തുരങ്കപാത കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. തുരങ്കത്തിനുളളിലുടെ സഞ്ചരിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങളും ഇതിനൊപ്പം പുറത്തുവന്നിരുന്നു. പ്രധാനമന്ത്രി ടണലിലൂടെ കെെവീശി സഞ്ചരിക്കുന്ന ദൃശ്യങ്ങളുടെ ട്രോളുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.
തുരങ്കത്തിനുളളിൽ ജനങ്ങളോ മറ്റു കാഴ്ചക്കാരോ ഇല്ലെന്നും പിന്നീട് മോദി ആരേ കെെവീശി കാണിക്കുന്നുവെന്ന് ചോദിച്ചാണ് ട്രോളുകൾ വെെറലാകുന്നത്. ഈ ചോദ്യത്തിന് മറുപടിയായി മറ്റു ട്രോളന്മാർ കൂടിയെത്തിയതോടെ സംഭവം പൊങ്കാലയായി.
"ആരുമില്ലാത്ത തുരങ്കമാണെങ്കിലും അത് മോദിയുടെ കെെകളെ തടയില്ല, കെെവീശൽ തുടരും", "മോദി ജനാധിപത്യത്തിനെ കെെവീശി പറഞ്ഞയക്കുകയാണ്", "ക്യാമറ കാണുമ്പോൾ മോദി ഇത് ചെയ്യുന്നതാണ് ഇത് അദ്ദേഹത്തിന്‍റെ റിഫ്ലെക്സ് ആക്ഷനാണെന്ന്. ദെെവം അങ്ങനെയാണ് അദ്ദേഹത്തെ സൃഷ്ടിച്ചത്" തുടങ്ങിയ ആശയങ്ങൾ ഉൾപ്പെടുത്തി ചിത്രങ്ങൾ സഹിതം നിരവധി ട്രോളുകളാണ് പ്രധാനമന്ത്രിക്കെതിരെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ലഡാക്കിലേക്കുള്ള സൈനിക നീക്കത്തിന് സഹായകരമാകുന്നതാണ് റോത്താംഗിലെ അടൽ തുരങ്കം. മണാലിയിലേ ദേശീയ പാതയുടെ ദൂരം 45 കിലോമീറ്ററിലധികം കുറയുമെന്നതാണ് തുരങ്കത്തിന്‍റെ പ്രാധാന്യം. ചൈനയുമായി അതിർത്തി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ പദ്ധതിക്ക് ഏറെ പ്രാധാന്യമുണ്ട്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു. മലയാളിയായ ചീഫ് എൻജിനീയർ കണ്ണൂർ സ്വദേശി കെ പി പുരുഷോത്തമനാണ് പദ്ധതിക്ക് നേതൃത്വം നൽകിയത്.