02 October, 2020 03:57:21 PM
കോവിഡ് ബാധിച്ചാൽ മമതയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബിജെപി നേതാവിന് കോവിഡ്
കൊൽക്കത്ത: തനിക്ക് കോവിഡ് ബാധിച്ചാല്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബി.ജെ.പി ദേശീയ സെക്രട്ടറി അനുപം ഹസ്രയ്ക്ക് കോവിഡ്. സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം രോഗം ബാധിച്ച വിവരം അറിയിച്ചത്. അനുപം ഹസ്രയെ കോല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച സൗത്ത് 24 പര്‍ഗാനാസില്‍ നടന്ന പാര്‍ട്ടി പരിപാടിയിലാണ് അനുപം വിവാദ പരാമര്‍ശം നടത്തിയത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
'കൊറോണയെക്കാള്‍ വലിയ ശത്രുവിനോടാണ് നമ്മുടെ പ്രവര്‍ത്തകര്‍ പോരാടുന്നത്. അവര്‍ മമത ബാനര്‍ജിക്ക് എതിരെ പോരാടുകയാണ്. മമത ബാനര്‍ജിക്ക് എതിരെ പോരാടുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് മാസ്‌ക് ഇല്ലാതെ കോവിഡ് 19ന് എതിരെ പോരാടാന്‍ സാധിക്കുമെന്നും കരുതുന്നു' അനുപം പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ഹസ്ര, കഴിഞ്ഞ വര്‍ഷമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
'കോവിഡ് ബാധിച്ച് മരിച്ചവരെ മമത ബാനര്‍ജി കൈകാര്യം ചെയ്യുന്നത് വളരെ പരിതാപകരമായ അവസ്ഥയിലാണ്. ഇവരുടെ മൃതദേഹങ്ങള്‍ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയാണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മക്കളെപ്പോലും അവരെ കാണാന്‍ അനുവദിക്കുന്നില്ല. പട്ടിയോ പൂച്ചയോ മരിച്ചാല്‍പ്പോലും നമ്മള്‍ ഇങ്ങനെ പെരുമാറില്ല' എന്നായിരുന്നു ഹസ്രയുടെ വാക്കുകള്‍.