02 October, 2020 10:13:23 AM
നിരോധനാജ്ഞാ ലംഘനം: രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ പോലീസ് കേസെടുത്തു
ദില്ലി: ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിൽ അതിക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ യുപി പോലീസ് കേസെടുത്തു. പകർച്ചവ്യാധി നിയമപ്രകാരമാണ് ഇരുവർക്കും എതിരെ കെസെടുത്തത്. ഗൗതം ബുദ്ധ നഗറിലെ ഇക്കോടെക് വൺ പോലീസ് സ്റ്റേഷനിലാണ് കേസ് ഫയൽ ചെയ്തത്. എഫ്ഐആറിൽ രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പമുണ്ടായിരുന്ന 150 ഓളം പ്രവർത്തകരുടേയും പേരുണ്ട്. രാഹുലും പ്രിയങ്കയും ഹത്രാസ് സന്ദർശനം പ്രഖ്യാപിച്ചതിന്റെ പിന്നാലെ തന്നെ യുപി പോലീസ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
കോവിഡ് മുൻകരുതലിന്റെ മറവിലായിരുന്നു നിരോധനാജ്ഞ. രാഹുലിനും പ്രിയങ്കയ്ക്കും എതിരേ നിരോധനാജ്ഞാ ലംഘനക്കുറ്റം ചുമത്തുമെന്നു യുപി പോ ലീസ് ഇന്നലെ പറഞ്ഞിരുന്നു. ഹത്രാസിലെ ബൂൽഗഡിയിൽ പെണ്‍കുട്ടിയുടെ വീടിനു കാവൽ നിന്ന മൂന്നു പോലീസുകാർക്ക്കോവിഡ് പോസിറ്റീവായെന്നു സർക്കാർ പറയുന്നു. മറ്റു രണ്ടു പോലീസുകാർക്കുകൂടി രോഗ ലക്ഷണങ്ങൾ കണ്ടതോടെ ഇവിടം കണ്ടയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇതോടെ ഇവിടെ പ്രതിഷേധങ്ങളും സന്ദർശനങ്ങളും നിരോധിച്ചു.
വഴിയിൽ തടഞ്ഞപ്പോൾ താൻ ഹത്രാസിലേക്ക് നടന്നു പോകുകയാണെന്നും ഏതു വകുപ്പു പ്രകാരമാണ് തന്നെ തടയുന്നതെന്നും രാഹുൽ പോലീസിനോടു ചോദിച്ചപ്പോൾ, ഐപിസി 188-ാം വകുപ്പു പ്രകാരമാണെന്നായിരുന്നു പോലീസിന്റെ മറുപടി. പകർച്ചവ്യാധി പ്രതിരോധ നിയമം ലംഘിച്ചതിനാണ് രാഹുൽ അടക്കമുള്ളവർക്കെതിരേ നടപടിയെടുത്തതെന്നു നോയിഡ എഡിസിപി രണ്‍വിജയ് സിംഗ് പറഞ്ഞു.
ഇരയായ പെൺകുട്ടിയുടെ വീട്ടിലേക്കുള്ള വഴിയിൽ രാഹുലിനെയും പ്രിയങ്കയേയും തടഞ്ഞ പോലീസ് ഇരുവരേയും തിരിച്ചയച്ചിരുന്നു. ഗ്രേറ്റർ നോയിഡയിൽ ഇരുവരുടെയും വാഹനം പോലീസ് തടഞ്ഞെങ്കിലും രാഹുലും പ്രിയങ്കയും ഹത്രാസിലേക്കു നടന്നു പോകുമെന്നു പ്രഖ്യാപിച്ച് വാഹനത്തിൽ നിന്നിറങ്ങി. രാ ഹുലിനെ പോലീസ് തടയാൻ ശ്രമിക്കുന്നതിനിടെയുണ്ടായ ഉന്തിലും തള്ളിലും പെട്ട് അദ്ദേഹം നിലത്തു വീണു. തനിക്കും പ്രിയങ്കയ്ക്കും നേരേ പോലീസ് ലാത്തി പ്രയോഗിച്ചെന്നും പിടിച്ചുതള്ളിയെന്നും രാഹുൽ പറഞ്ഞു.
അറസ്റ്റിലായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അധീർ രഞ്ജൻ ചൗധരി, രണ്‍ദീപ് സിംഗ് സുർജേവാല, കെ.സി. വേണുഗോപാൽ എന്നിവരെ പോലീസ് ഗൗതം ബുദ്ധ നഗറിലെ ബുദ്ധ ഇന്റർനാഷണൽ സർക്യൂട്ടിലേക്ക് മാറ്റി. പിന്നീട് യുപി പോലീസിന്റെ അകമ്പടിയോടെ ഡൽഹിയിലേക്കു തിരിച്ചയയ്ക്കുകയായിരുന്നു. രാഹുലിനും പ്രിയങ്കയ്ക്കും നേരെയുണ്ടായ പോലീസ് അതിക്രമം യോഗി ആദിത്യനാഥ് സർക്കാരിന്റെ മരണമണിയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് സുർജേവാല പറഞ്ഞു.