02 October, 2020 09:06:35 AM
കർഷക പ്രക്ഷോഭം; ചണ്ഡിഗഡിലേക്ക് കടക്കാൻ ശ്രമിച്ച മുൻ കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ അറസ്റ്റിൽ
ചണ്ഡിഗഡ്: വിവാദ കാർഷിക ബില്ലിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി ചണ്ഡിഗഡിലേക്ക് കടക്കാൻ ശ്രമിച്ച മുൻ കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ അറസ്റ്റിൽ. വ്യാഴാഴ്ച രാത്രി 11.30 ന് ആയിരുന്നു ഹർസിമ്രത് കൗറിനെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. അകാലി ദൾ വ്യാഴാഴ്ച രാവിലെ മൂന്ന് ഇടങ്ങളിൽനിന്നായി കർഷക പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചിരുന്നു.
അകാലിദൾ അധ്യക്ഷൻ സുഖ്ബിർ സിംഗ് ബാദൽ അമൃത്സറിൽനിന്നുള്ള മാർച്ച് നയിച്ചു. ബിദിണ്ഡയിൽനുള്ള മാർച്ചിന് ഹർസിമ്രത് കൗർ നേതൃത്വം നൽകി. മൂന്നാം റാലി അനന്ത്പുർ സാഹിബിൽനിന്നാണ് ആരംഭിച്ചത്. മൂന്ന് റാലികളും ചണ്ഡിഗഡിൽ ഒന്നിച്ച് ഗവർണർക്ക് നിവേദനം നൽകാനായിരുന്നു തീരുമാനം. കർഷകരുടെ ശബ്ദം ഉയർത്തിയതിനാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് ഹർസിമ്രത് കൗർ ആരോപിച്ചു. തങ്ങളെ നിശബ്ദരാക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.