30 September, 2020 05:53:15 PM
എഫ് ഐ ആര്‍ റദ്ദാക്കണം; സിബിഐ അന്വേഷണത്തിനെതിരെ ലൈഫ് മിഷന്‍ ഹൈക്കോടതിയിൽ
കൊച്ചി: സിബിഐ അന്വേഷണത്തിനെതിരെ ലൈഫ് മിഷന്‍ ഹൈക്കോടതിയെ സമീപിച്ചു. എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഹൈകോടതിയെ സമീപിച്ചത്. അന്വേഷണം ഏറ്റെടുത്ത സിബിഐ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
എഫ്‌സിആര്‍എ നിയമപ്രകാരം സര്‍ക്കാരോ സര്‍ക്കാര്‍ ഏജന്‍സിയോ വിദേശസംഭാവന സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. എഫ് ഐ ആര്‍ സംബന്ധിച്ച് കോടതിയിലും വെബ് സൈറ്റിലും നല്‍കിയിരിക്കുന്നത് വ്യത്യസ്ഥമായ വിവരങ്ങളെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. ഹര്‍ജി നാളെ ഹൈകോടതി പരിഗണിക്കും.
സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെയാണ് ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമകേടില്‍ സിബിഐ അന്വേഷണം ആരംഭിച്ചത്. ഫോറിന്‍ കോണ്‍ട്രിബ്യൂട്ടറി ആക്ട് പ്രകാരം നടന്ന നിയമലംഘനത്തിനാണ് സിബിഐ കേസെടുത്തിരിക്കുന്നത്. കേസെടുത്തതായി കാണിച്ച് സിബിഐ പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ട് പ്രകാരം ആരെയും പ്രതി ചേര്‍ത്തിട്ടില്ല.