30 September, 2020 05:35:55 PM
യൂ ട്യൂബറെ കൈയ്യേറ്റം ചെയ്ത സ്ത്രീകള്‍ക്കെതിരെയും നിയമ നടപടി ഉറപ്പാക്കണം - മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകള്‍ക്കെതിരെ അപമാനകരമായ പരാമര്‍ശം നടത്തിയ കേസില്‍ പ്രതിയായ വിജയ് പി നായരെ കൈയ്യേറ്റം ചെയ്ത സ്ത്രീകള്‍ക്കെതിരെയും നിയമ നടപടി ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. നിയമം കൈയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് വിലയിരുത്തിയാണ് കമ്മീഷന്റെ ഉത്തരവ്. സൈനികരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ചതിന് വിജയ് പി നായര്‍ക്കെതിരെ പുതിയ കേസെടുത്തു.
വിജയ് പി നായരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ പ്രതി സ്ഥാനത്തുള്ള ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെയാണ് കോടതി പരിഗണിക്കുന്നത്. ഇതിനിടെയാണ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ നിയമം കൈയ്യിലെടുത്തുവെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വിലയിരുത്തിയത്. അശ്ലീല വീഡിയോ കേസില്‍ വിജയ് പി നായര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട കമ്മീഷന്‍ ശിക്ഷ സ്വയം നടപ്പിലാക്കിയവരെയും നിയമനടപടിയില്‍ നിന്ന് ഒഴിവാക്കരുതെന്ന് ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അറിയിക്കണമെന്നും ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.
ഭാഗ്യലക്ഷ്മിയുടെ പരാതിയിലെ കേസിന് പിന്നാലെ സൈനികരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ച സംഭവത്തിലും വിജയ് പി നായര്‍ക്കെതിരെ സൈബര്‍ ക്രൈം പൊലീസ് അന്വേഷണം തുടങ്ങി. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി. സമൂഹമാധ്യമങ്ങളില്‍ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെയും അന്വേഷണം തുടരുകയാണ്.