26 September, 2020 07:04:42 PM
സുരേഷ്ഗോപി ഉള്‍പ്പെടെ 28 പുതിയ മന്ത്രിമാര്‍? : കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിക്കുന്നു
ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ നടത്തിയ അഴിച്ചുപണികള്‍ക്കു പിന്നാലെ കേന്ദ്രസര്‍ക്കാരില്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങി ബിജെപി ദേശീയ നേതൃത്വം. കേരളത്തില്‍ നിന്നുള്‍പ്പെടെ 28 പുതിയ മന്ത്രിമാരെക്കൂടി നിയമിക്കുമെന്നാണ് സൂചന.
അതില്‍ ഒരു മന്ത്രിസ്ഥാനം കേരളത്തിന് ഉറപ്പുനല്‍കിയിരിക്കുകയാത്. മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രിസ്ഥാനത്തിനായി ശക്തമായി രംഗത്തുണ്ടെങ്കിലും കേരള ഘടകത്തിന്‍റെ പിന്തുണ സുരേഷ് ഗോപിക്കാണ്.
സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം കേരളത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ശക്തി പകരുമെന്ന് കേന്ദ്ര നേതൃത്വവും കരുതുന്നുണ്ട്. മന്ത്രിമാരുടെ വകുപ്പുകളിലും അഴിച്ചുപണി ഉണ്ടാകും. നിര്‍മ്മലാ സീതാരാമന് ധനവകുപ്പ് നഷ്ടമായേക്കും. രാജ്യത്തെ സാമ്പത്തിക മേഖലയെ സുരക്ഷിതമായി മുന്നോട്ടു നയിക്കാന്‍ കഴിയുന്ന ശക്തമായ നേതൃത്വം ധനവകുപ്പിലെത്തുമെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ പറയുന്നത്. എന്നാല്‍ ഇതാരെന്ന് പുറത്തേയ്ക്ക് വന്നിട്ടില്ല.
മന്ത്രിമാരില്‍ ചിലരെ പാര്‍ട്ടിയിലേയ്ക്കും പാര്‍ട്ടിയില്‍ നിന്ന് ഏതാനും നേതാക്കളെ മന്ത്രിസഭയിലേയ്ക്കും നിയോഗിച്ചേക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ബിഹാറില്‍ നിന്നും പുതിയ കേന്ദ്രമന്ത്രിയുണ്ടാകും. തമിഴ്‌നാട്ടില്‍ നിന്നും അണ്ണാ ഡിഎംകെ നേതാവും ഉപമുഖ്യമന്ത്രിയുമായ ഒ പനീര്‍ശെല്‍വത്തിന്‍റെ മകന്‍ രവീന്ദ്രനാഥ് കുമാര്‍ കേന്ദ്ര മന്ത്രിസഭയിലെത്തും. ഇതിനോടകം മികച്ച പ്രകടനം കാഴ്ചവച്ച ചില സഹമന്ത്രിമാര്‍ക്ക് ക്യാബിനറ്റ് പദവിയിലേയ്ക്ക് പ്രമോഷനും പ്രതീക്ഷിക്കുന്നുണ്ട്. പുനസംഘടന ദിവസങ്ങള്‍ക്കകം ഉണ്ടാകുമെന്നാണ് സൂചന.