23 September, 2020 01:13:51 PM
വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി
ദില്ലി: വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍(എഫ്‌സിആര്‍എ) രാജ്യസഭ ശബ്ദ വോട്ടോടെ പാസാക്കി. ബില്ലിന്മേലുള്ള ചര്‍ച്ച പ്രതിപക്ഷം ബഹിഷ്‌കരിച്ചതോടെ ഐക്യകണേ്ഠനയാണ് പാസാക്കിയത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ബില്‍ ലോക്‌സഭ 21ന് പാസാക്കിയിരുന്നു.
രാജ്യത്തിനും ആഭ്യന്തര സുരക്ഷയ്ക്കും വേണ്ടിയുള്ളതാണ് എഫ്‌സിആര്‍എ എന്ന് ബില്‍ അവതരണവേളയില്‍ മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹിക ഇടപാടുകളില്‍ വിദേശഫണ്ടുകള്‍ക്ക് അധികാരമുണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് ഭേദഗതി കൊണ്ടുവരുന്നത്. ഫണ്ട് കൈകാര്യം ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആധാര്‍ കാര്‍ഡും വിദേശകിള്‍ക്ക പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ ഒസിഐ പേപ്പറും നിര്‍ബന്ധമാക്കും. ഈ നമ്പര്‍ ഉപയോഗിച്ച് അവരെ പരിശോധനയ്ക്ക് വിധേയമാക്കും. ഇക്കാര്യത്തില്‍ യുഐഡിഎഐയും എംഇഐടിവൈയുമായി മന്ത്രാലയം നേരത്തെ തന്നെ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
പല സ്ഥാപനങ്ങളും അവരുടെ വ്യക്തിവിവരങ്ങള്‍ മറച്ചുവയ്ക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. തിരിച്ചറിയപ്പെടുമെന്ന ആശങ്ക അത്തരക്കാര്‍ക്കില്ല. അതുകൊണ്ടാണ് അവരുടെ ആധാര്‍ കാര്‍ഡ് ഇടപാടുകള്‍ക്ക് നിര്‍ബന്ധമാക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഡല്‍ഹിയിലെ എസ്.ബി.ഐ മെയിന്‍ ബ്രാഞ്ചിലുള്ള അക്കൗണ്ട് വഴി മാത്രമായിരിക്കും ഇടപാടുകള്‍ തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ വയ്ക്കുന്നതാണ് ബില്‍.
അതിനിടെ, വിദേശഫണ്ട് മതപരിവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി ബി.ജെ.പി എം.പി അരുണ്‍ സിംഗ് രംഗത്തെത്തി. കേരളത്തില്‍ ചില എന്‍ജിഒകള്‍ ഇത്തരം ഫണ്ടുകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട്. രാജ്യത്തിനു പുറത്തുനിന്ന് ലഭിക്കുന്ന ഇത്തരം ഫണ്ടുകള്‍ ദേശ വിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.