18 September, 2020 05:51:04 PM
കോടതി അലക്ഷ്യം : അറ്റോണി ജനറലിന്റെ അഭിപ്രായത്തിന് പ്രാമുഖ്യം നല്‍കണം
കൊച്ചി: സുപ്രീം കോടതി ഒരാള്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടി എടുക്കുമ്പോള്‍ പ്രോസിക്യൂട്ടറിന്റെ സ്ഥാനത്ത് നില്‍ക്കുന്നത് അറ്റോണി ജനറല്‍ ആണെന്നും, അതിനാല്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തിന് പ്രാധാന്യം നല്‍കേണ്ട ആവശ്യമുണ്ടെന്നും സുപ്രീം കോടതി മുന്‍ ജഡ്ജി കുരിയന്‍ ജോസഫ് അഭിപ്രായപ്പെട്ടു. എന്നാല്‍ പ്രശാന്ത് ഭൂഷനു എതിരെ നടപടി എടുക്കുമ്പോള്‍ കുറ്റക്കാരനാണെന്ന് വിധിക്കുന്നതിന് മുന്‍പ് അറ്റോണി ജനറലിന്റെ അഭിപ്രായം ആരായാതിരുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കോടതി മുറിയില്‍ വച്ച് ന്യായാധിപനെ അവഹേളിക്കുന്നപോലെ ചുരുക്കം ചില നടപടികള്‍ കോടതി അലക്ഷ്യമായി പരിഗണിക്കാം . എന്നാൽ നീതി ന്യായ വ്യവസ്ഥയെ വിമര്‍ശിക്കുന്നതോ കോടതി വിധികളെയോ ജുഡീഷ്യല്‍ സംവിധാനത്തിന്റെ തെറ്റായ പ്രവണതകളെയോ ചൂണ്ടികാണിക്കുന്നത് കോടതി അലക്ഷ്യമായി പരിഗണിക്കാന്‍ സാധിക്കില്ല എന്നു അദ്ദേഹം പറഞ്ഞു.
കൊച്ചിയിലെ ദേശീയ നിയമ സര്‍വകലാശാലയായ നുവാല്‍സിൽ "കോടതി അലക്ഷ്യം: കോടതിയെ വിമര്‍ശിക്കാനുള്ള അവകാശത്തിന്റെ പരിധി ആണോ?" എന്ന വിഷയത്തിൽ നടത്തിയ വെബിനാര്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് ചാന്‍സലര്‍ ഡോ. കെ. സി. സണ്ണി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ലക്‌നൗവിലെ ഡോ. റാം മനോഹര്‍ ലോഹിയാ നാഷനല്‍ ലോ യൂണിവേര്‍സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സുബീര്‍ കെ ഭട്ട്നഗർ സംസാരിച്ചു. സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകൻ അഡ്വ. കൈലാസനാഥ പിള്ളയും, സീനിയര്‍ അഭിഭാഷകനും അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ അഡ്വ ഐശ്വര്യ ബാട്ടിയും സംസാരിച്ചു. ഡോ മിനി എസ് , അഡ്വ. ഐശ്വര്യ കെ എം എന്നിവർ സംസാരിച്ചു.