17 September, 2020 08:22:47 AM
സർക്കാർ ഓഫീസുകൾ മോടി പിടിപ്പിക്കുന്നതിന് വിലക്ക്; പുതിയ വാഹനങ്ങൾ വാങ്ങാനും അനുമതിയില്ല
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചെലവ് ചുരുക്കൽ കർശനമാക്കി സംസ്ഥാന സർക്കാർ. സർക്കാർ ഓഫീസുകൾ മോടി പിടിപ്പിക്കുന്നതിന് ഒരു വർഷത്തേക്ക് വിലക്കേർപ്പെടുത്തി. പുതിയ വാഹനങ്ങൾ വാങ്ങാനും അനുമതി നൽകില്ല. 20 വർഷം ശൂന്യവേതന അവധി എന്നുള്ളത് അഞ്ചു വർഷമാക്കി ചുരുക്കും. അഞ്ചു വർഷത്തിനുശേഷം ജോലിക്ക് ഹാജരാകാതിരുന്നാൽ കൽപ്പിത രാജി ആയി പരിഗണിക്കും. നിലവിൽ അവധി ദീർഘിപ്പിച്ച് ഉത്തരവ് ലഭിച്ചവരുടെ കാര്യത്തിൽ ഇത് ബാധകമല്ല.
ലീവ് സറണ്ടർ 2021 ജൂൺ ഒന്നു മുതൽ മാത്രമേ അനുവദിക്കുകയുള്ളു. ഇപ്പോൾ മാറ്റിയ ലീവ് സറണ്ടർ പിഎഫിൽ ലയിപ്പിക്കും. ഒരു ഉദ്യോഗസ്ഥൻ 90 ദിവസം അവധിയെടുത്താൽ പ്രമോഷൻ നൽകി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന സന്പ്രദായം ഒഴിവാക്കും. എയ്ഡഡ് അധ്യാപക നിയമനത്തിൽ അന്തിമ അധികാരം സർക്കാരിനായിരിക്കുമെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. സാമ്പത്തികസ്ഥിതി അവലോകനം ചെയ്യാൻ സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതികളുടെ ശിപാർശയെ തുടർന്നാണ് തീരുമാനം.