14 September, 2020 11:50:35 PM


ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വ സുവര്‍ണ ജൂബിലി ആഘോഷം 17ന്



കോട്ടയം: അഞ്ചു പതിറ്റാണ്ടായി പുതുപ്പള്ളി മണ്ഡലത്തിന്റെ ജനപ്രതിനിധിയായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വ സുവര്‍ണ ജൂബിലി ആഘോഷം 17-നു കോട്ടയത്തു കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി ഉദ്‌ഘാടനം ചെയ്യും. "സുകൃതം, സുവര്‍ണം" എന്ന പേരില്‍ കോവിഡ്‌ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും ചടങ്ങ്‌. മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സൂം ആപ്പിലൂടെയാകും സോണിയ ഗാന്ധി ഉദ്‌ഘാടനം നിര്‍വഹിക്കുക. വൈകിട്ട്‌ അഞ്ചിന്‌ ഉമ്മന്‍ ചാണ്ടിയുടെ ലൈഫ്‌ സ്‌കെച്ച്‌ അവതരിപ്പിച്ചു പരിപാടി ആരംഭിക്കും.


സാമൂഹിക, രാഷ്‌ട്രീയ, സാമുദായിക, ആധ്യാത്മിക മേഖലകളിലെ 50 പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. രാഹുല്‍ ഗാന്ധി, എ.കെ. ആന്റണി, കെ.സി. വേണുഗോപാല്‍, മുകുള്‍ വാസ്‌നിക്‌ തുടങ്ങിയവര്‍ സൂം ആപ്പിലൂടെ ആശംസ നേരും. പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല, കെ.പി.സി.സി. പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍, യു.ഡി.എഫ്‌. ഘടകകക്ഷി നേതാക്കള്‍, ഇടതു മുന്നണിയിലെ കക്ഷികളുടെ സംസ്‌ഥാനനേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. വെര്‍ച്വല്‍ പ്‌ളാറ്റ്‌ഫോമില്‍ സംഘടിപ്പിക്കുന്ന ചടങ്ങ്‌ 16 ലക്ഷത്തില്‍പരം ആളുകള്‍ക്കു തത്സമയം കണുന്നതിനുള്ള വിപുലമായ ഓണ്‍ലൈന്‍ സംവിധാനം സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്‌.


രാജ്യത്തെ മുഴുവന്‍ സംസ്‌ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ഒരേസമയം ചടങ്ങു വീക്ഷിക്കാനാവും. ഇതോടെ ലോകമെങ്ങും ഏറ്റവുമധികം ആളുകള്‍ വീക്ഷിക്കുന്ന വെര്‍ച്വല്‍ റാലിയായി ഈ പരിപാടി മാറും.‌ 14 ജില്ലകളിലും വാര്‍ഡ്‌ തലം മുതല്‍ പ്രവര്‍ത്തകര്‍ക്കു ചടങ്ങു വീക്ഷിക്കുന്നതിന്‌ ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌. ആഘോഷത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീളുന്ന പരിപാടികളാണ്‌ ആസൂത്രണം ചെയ്യുന്നത്‌. പുതുപ്പള്ളി നിയോജകമണ്‌ഡലത്തില്‍ 17 നു രാവിലെ ഒന്‍പതു മുതല്‍ വിവിധ പരിപാടികള്‍ ആരംഭിക്കും. നിയോജകമണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും നേരിട്ടെത്തി ഉമ്മന്‍ ചാണ്ടി സന്തോഷത്തില്‍ പങ്കുചേരും.


എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, കെ.സി. ജോസഫ്‌, ഡി.സി.സി. പ്രസിഡന്റ്‌ ജോഷി ഫിലിപ്‌, ജോസഫ്‌ വാഴയ്‌ക്കന്‍, ടോമി കല്ലാനി, പി.എ. സലീം, നാട്ടകം സുരേഷ്‌, പി.എസ്‌. രഘുറാം, ജോസി സെബാസ്‌റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K