10 September, 2020 06:00:30 PM


എട്ടംഗ കുടുംബം കോവിഡ് ചികിത്സയില്‍; അഞ്ചു പശുക്കള്‍ സര്‍ക്കാര്‍ സംരക്ഷണത്തില്‍



കോട്ടയം: കുടുംബത്തില്‍ എല്ലാവരും കോവിഡ് ബാധിതരായതോടെ അനാഥമായ പശുക്കള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം. തിരുവാര്‍പ്പില്‍ കോവിഡ് ബാധിച്ച കുടുംബത്തിന്റെ അഞ്ചു പശുക്കളെയാണ് ജില്ലാ കളകര്‍ എം. അഞ്ജനയുടെ ഇടപടലിനെത്തുടര്‍ന്ന് ക്ഷീര വികസന വകുപ്പ് താത്കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. ബുധനാഴ്ച്ച രാവിലെ വീട്ടിലെ എട്ടാമത്തെയാളും  വൈറസ് ബാധിച്ച് ചികിത്സാ കേന്ദ്രത്തിലായതോടെ പശുക്കള്‍ക്ക് തീറ്റ നല്‍കാനും പാല്‍ കറക്കാനും ആരുമില്ലാത്ത സ്ഥിതിയായി. അകിടില്‍ പാല്‍ കെട്ടി നില്‍ക്കുന്നത് പശുക്കളുടെ ആരോഗ്യത്തെ ബാധിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് ഗൃഹനാഥന്‍  കളക്ട്രേറ്റ് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ട് സഹായം തേടുകയായിരുന്നു.

 
പശുക്കളെ സംരക്ഷിക്കുന്നതിനും  പാല്‍ കറക്കുന്നതിനും അടിയന്തിര നടപടിയെടുക്കാന്‍  ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക്  കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഗ്രാമപഞ്ചായത്തിന്റെയും തിരുവാര്‍പ്പ് ക്ഷീരോദ്പാദക സഹകരണ സംഘത്തിന്റെയും സഹകരണത്തോടെ പശുക്കളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് വകുപ്പ് നടപടികള്‍ സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി. എം. മണി, ക്ഷീരസംഘം പ്രസിഡന്റ് എം. എ കുഞ്ഞുമോന്‍, സെക്രട്ടറി  സജിത എന്നിവരുടെ നേതൃത്വത്തില്‍ മറ്റൊരു പുരയിടത്തില്‍ താത്കാലിക ഷെഡ് ഒരുക്കി. ഇവിടെ എത്തിച്ച പശുക്കള്‍ക്ക്  തീറ്റ ലഭ്യമാക്കുന്നതിനും പാല്‍ കറന്ന്  എത്തിക്കുന്നതിനും സംഘം ക്രമീകരണം ഏര്‍പ്പെടുത്തി. 


രോഗമുക്തരായി  ഉടമസ്ഥരെത്തി പശുക്കളെ വീട്ടിലേക്ക് കൊണ്ടുപോയാലും ഷെഡ് നിലനിര്‍ത്തുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. മറ്റ് വീടുകളില്‍ സമാന സാഹചര്യമുണ്ടായാല്‍ പശുക്കളെ ഇവിടേക്ക് മാറ്റാനാകും. കോവിഡ് ബാധിച്ച് എല്ലാവരും ചികിത്സയിലാകുന്ന വീടുകളിലെ  കന്നുകാലികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപടി സ്വീകരിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ക്ഷീര വികസന വകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍   എല്ലാ ക്ഷീരസംഘങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ജി. ശ്രീലത പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K