09 September, 2020 04:18:05 PM


പന്തീരങ്കാവ് യുഎപിഎ കേസിൽ അലനും താഹയ്ക്കും എൻഐഎ പ്രത്യേക കോടതിയുടെ ജാമ്യം



കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിൽ അലൻ ശുഹൈബിനും താഹ ഫസലിനും എൻഐഎ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം. യുഎപിഎ കേസുകളിൽ പങ്കാളികളാവരുതെന്നും മാവോയ്‌സ്റ്റ് സംഘടനകളുമായി ഒരു വിധത്തിലുളള ബന്ധവും പുലര്‍ത്തരുതെന്നും ഉപാധിയിൽ വ്യക്തമാക്കുന്നു. കൂടാത ഒരു ലക്ഷം രൂപയുടെ ബോണ്ടിലുമാണ് ജാമ്യം അനുവദിച്ചത്.


മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് സി.പി.എം പാർട്ടി അംഗങ്ങളായ അലനേയും താഹയേയും യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഇരുവർക്കും യുഎപിഎ ചുമത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. അറസ്റ്റിലായി പത്ത് മാസവും ഒമ്പത് ദിവസവും പിന്നിടുമ്പോഴാണ് ഇരുവർക്കും ജാമ്യം ലഭിക്കുന്നത്.


മാതാപിതാക്കളില്‍ ഒരാള്‍ ജാമ്യം നില്‍ക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പാസ്‌പോര്‍ട്ട് കെട്ടിവെയ്ക്കണം. ആഴ്ചയില്‍ ഒരു ദിവസം പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും എൻഐഎ കോടതി ഉപാധിയിൽ വ്യക്തമാക്കുന്നു. മാവോയിസ്റ്റ് ബന്ധത്തിനുള്ള തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല, ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടും കസ്റ്റഡിയില്‍ തുടരുന്നു തുടങ്ങിയ വാദങ്ങളാണ് ഇരുവരും കോടതിയിൽ വാദിച്ചു. ഇത് അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K