05 September, 2020 12:17:31 PM
ദില്ലിയില്‍ ആദ്യ വനിതാ ഡിസിപിയായി സ്ഥാനമേറ്റെടുത്ത് മോണിക്കാ ഭരദ്വാജ്
ദില്ലി: ദില്ലിയുടെ പുതിയ ക്രൈംബ്രാഞ്ച് ഡിസിപി ആയി 2009 ബാച്ച് ഐപിഎസ് ഓഫീസറായ മോണിക്കാ ഭരദ്വാജ് സ്ഥാനമേറ്റെടുത്തു. ഈ സ്ഥാനം അലങ്കരിക്കുന്ന ആദ്യത്തെ വനിതാ ഓഫീസര്‍ ആയി മാറിയിരിക്കയാണ് മോണിക്ക. ഇപ്പോള്‍ ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റിന്‍റെ മേധാവിയാണ് മോണിക്കാ ഭരദ്വാജ്. ദില്ലി ക്രൈംബ്രാഞ്ചിന്റെ തലപ്പത്ത് ഒരു വനിതാ ഓഫീസറെ ചരിത്രത്തില്‍ ആദ്യമായി പ്രതിഷ്ഠിച്ച ഈ നടപടി ഓഫീസര്‍മാര്‍ക്കിടയില്‍ ഏറെ സന്തോഷത്തിന് ഇടനല്‍കിയിരിക്കുകയാണ്.
പുരാനി ദില്ലിയിലെ തീസ് ഹസാരി കോടതിയില്‍ മാസങ്ങള്‍ക്ക് മുമ്ബ് അഭിഭാഷകരും ദില്ലി പോലീസും തമ്മില്‍ നടന്ന സംഘട്ടനങ്ങളെ ഫലപ്രദമായി നിയന്ത്രണത്തിലാക്കിയ ഇടപെടപ്പോടെയാണ് മോണിക്കാ ഭരദ്വാജ് ഐപിഎസ് മാധ്യമശ്രദ്ധ നേടുന്നത്. രോഷാകുലരായി മുദ്രാവാക്യം വിളിച്ചുകൊണ്ട് നടന്നുവന്ന അഭിഭാഷകരോട് കൈകൂപ്പിക്കൊണ്ട് ശാന്തരാക്കാന്‍ അപേക്ഷിക്കുന്ന മോണിക്കയുടെ ചിത്രം അന്ന് മാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു.
ജനസംഖ്യയുടെ പാതിയോളം പേര് സ്ത്രീകളായി ഉണ്ടായിരുന്നിട്ടും പൊലീസ് സേനയില്‍ വെറും പത്തു ശതമാനത്തില്‍ താഴെയാണ് സ്ത്രീകള്‍ എന്ന സത്യം മോണിക്ക ചൂണ്ടിക്കാണിക്കുന്നു. കൂടുതല്‍ സ്ത്രീകള്‍ സേനയിലേക്ക് കടന്നുവന്നാല്‍ തന്നെ പൊലീസ് കൂടുതല്‍ ജനസൗഹൃദപരമായി മാറുമെന്നും മോണിക്ക ഭരദ്വാജ് ഐപിഎസ് വിശ്വസിക്കുന്നു.