03 September, 2020 10:03:52 AM
പന്ത്രണ്ടുകാരന്‍റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു; ഡോക്ടർ ദമ്പതികള്‍ക്കെതിരെ കേസ്
ഗുവാഹട്ടി: പ്രായപൂർത്തിയാകാത്ത വീട്ടു സഹായിക്ക് നേരെ അതിക്രമം നടത്തിയ ഡോക്ടർക്കും അത് മറയ്ക്കാൻ കൂട്ടുനിന്ന പ്രൊഫസറായ ഭാര്യക്കുമെതിരെ കേസ്. അസമിലെ ദിബ്രുഗഡ് ജില്ലയിലാണ് സംഭവം. 12കാരനായ വീട്ടു സഹായി ഉറങ്ങിക്കിടക്കുമ്പോൾ ഡോക്ടർ കുട്ടിയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. അസം മെഡിക്കൽ കോളജ് റിട്ടയർഡ് ഡോക്ടർ സിദ്ധി പ്രസാദ് ഡിയോരി, ഭാര്യയും മോറൻ കോളജ് പ്രിൻസിപ്പളുമായ മഞ്ജുള മോഹൻ എന്നിവർക്കെതിരെയാണ് കേസ്.
കുറ്റം മറച്ചുവച്ച് പൊള്ളലേറ്റ കുട്ടിയെ ചികിത്സിക്കാൻ ഡോക്ടറെ സഹായിച്ചു എന്നാരോപിച്ചാണ് ഭാര്യക്കെതിരെ കേസ്. നിലവിൽ ഇവർ രണ്ട് പേരും ഒളിവിലാണ്. ഇവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്‍ജാത ഉറവിടത്തിൽ ശിശുക്ഷേമ കമ്മിറ്റിക്ക് ലഭിച്ച ഒരു വീഡിയോയാണ് കുട്ടിക്ക് നേരെയുണ്ടായ അതിക്രമം വെളിച്ചത്ത് കൊണ്ടുവന്നത്. വീഡിയോയുടെ അടിസ്ഥാനത്തിൽ ശിശുക്ഷേമ വകുപ്പ് പൊലീസീനെ വിവരം അറിയിക്കുകയും ആഗസ്റ്റ് 29ന് കുട്ടിയെ ആ വീട്ടിൽ നിന്നും രക്ഷപ്പെടുത്തുകയും ചെയ്തു എന്നാണ് കമ്മിറ്റി അംഗവും സാമൂഹിക പ്രവർത്തകയുമായ അപർണ ബോറ പറയുന്നത്.
ചൈൽഡ് കെയർ സെന്‍ററിൽ പ്രവേശിപ്പിച്ച കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ബാലനീതി നിയമം, ബാലവേല നിരോധന നിയമം തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് ദമ്പതികൾക്കെതിരെ കേസ്. കാൻസർ ബാധിതനാണ് കേസിലെ മുഖ്യപ്രതിയായ ഡിയോരി. കേസ് അന്വേഷണത്തിനെത്തിയ പൊലീസ് സംഘം ദമ്പതികളോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകൻ ആവശ്യപ്പെട്ടിരിന്നുവെങ്കിലും ഇവർ കടന്നു കളയുകയായിരുന്നു. അതിക്രമത്തിനിരയായ കുട്ടി കഴിഞ്ഞ ഒരു വർഷമായി ഇവരുടെ വീട്ടിൽ ജോലി ചെയ്തു വരികയായിരുന്നു എന്നാണ് റിപ്പോർട്ട്. ഡോക്ടറെയും ഭാര്യയെയും എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പല സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.