11 November, 2025 06:52:45 PM
തിരുവനന്തപുരം സ്വദേശി ബെംഗളൂരുവിൽ മരിച്ച സംഭവം; കൂടെ താമസിച്ചിരുന്ന 2 മലയാളി യുവതികൾക്കെതിരെ കേസ്

ബെംഗളൂരു: തിരുവനന്തപുരം സ്വദേശിയായ യുവാവിനെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് യുവതികള്‍ക്കെതിരെ കേസ്. യുവാവിനൊപ്പം താമസിച്ചു വന്നിരുന്ന രണ്ട് മലയാളി യുവതികള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരം എടത്തറ ആര്‍ത്തശ്ശേരി ക്ഷേത്രത്തിന് സമീപം കളഭം വീട്ടില്‍ സി പി വിഷ്ണു(39)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന സൂര്യ കുമാര്‍, ജ്യോതി എന്നിവര്‍ക്കൊപ്പം ഫ്‌ളാറ്റ് പങ്കിട്ടായിരുന്നു വിഷ്ണു താമസിച്ചിരുന്നത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ അപ്പാര്‍ട്ട്‌മെന്റിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു വിഷ്ണുവിനെ കണ്ടെത്തിയത്.
ഇക്കാര്യം യുവതികളില്‍ ഒരാള്‍ വിളിച്ചു പറയുകയായിരുന്നെന്ന് സഹോദരന്‍ ജിഷ്ണു പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. യുവതികളുടെ പീഡനത്തെ തുടര്‍ന്ന് വിഷ്ണു ജീവനൊടുക്കിയതാകാം എന്നാണ് സഹോദരന്റെ ആരോപണം. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് നിലവില്‍ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
യുവതികളില്‍ ഒരാളുമായി വിഷ്ണുവിന് ബന്ധമുണ്ടായിരുന്നു എന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായും പറയുന്നു. ബെംഗളൂരുവിലെ ഹൊസൂര്‍ റോഡിലെ ഐകെഎസ് കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു വിഷ്ണു.





