03 September, 2020 07:17:34 AM
അൺലിമിറ്റഡ് ഓർഡിനറി: കെ.എസ്.ആർ.ടി.സി ബസ് ഇനി പറയുന്നിടത്ത് നിർത്തും
തിരുവനന്തപുരം: സ്റ്റോപ്പിൽ മാത്രമല്ല ഇനി യാത്രക്കാർ ആവശ്യപ്പെടുന്ന എവിടെയും കെ.എസ്.ആർ.ടി.സി. ബസ് നിർത്തും. എവിടെനിന്നു വേണമെങ്കിലും ബസിൽ കയറാം. കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാൻ ഏതുവിധേനയും യാത്രക്കാരെ ആകർഷിക്കാനുള്ള നീക്കത്തിലാണ് കെ.എസ്.ആർ.ടി.സി. തത്കാലം തെക്കൻ ജില്ലകളിൽ മാത്രമായിരിക്കും ഇത്. യാത്രക്കാരിൽനിന്നുള്ള അഭിപ്രായം ശേഖരിച്ചാവണം അൺലിമിറ്റഡ് ഓർഡിനറി ബസുകളുടെ റൂട്ട് നിശ്ചയിക്കേണ്ടതെന്ന് എം.ഡി. ബിജുപ്രഭാകർ നിർദേശം നൽകി. യാത്രക്കാരില്ലാത്ത ഷെഡ്യൂളുകൾ ഇനി ഓടിക്കാനാകില്ല.
യൂണിറ്റ് ഓഫീസർമാർ ഇൻസ്പെക്ടർമാരുമായും യാത്രക്കാരുമായും കൂടിയാലോചിച്ച് അൺലിമിറ്റഡ് ഓർഡിനറികൾ ഓടിക്കാനുള്ള റൂട്ട് കണ്ടെത്തി 29-ന് റിപ്പോർട്ട് സമർപ്പിക്കണം. യാത്രക്കാർ കുറയുകയും ഡീസൽ ചെലവ് കൂടിയതുമാണ് പുതിയ വെല്ലുവിളി. വരുമാനത്തിന്റെ മുക്കാൽപങ്കും ഡീസലിന് കൊടുക്കണം. ജൂണിൽ 32 കോടി രൂപ വരുമാനം ലഭിച്ചപ്പോൾ 22 കോടി രൂപയും ഡീസലിന് നൽകേണ്ടിവന്നു. ജൂലായിലെ വരുമാനം 21 കോടിയും ഡീസൽ ചെലവ് 14.3 കോടി രൂപയുമാണ്.