02 September, 2020 11:01:25 PM
അധികൃതര്‍ 'കെട്ടി'വെച്ച ഫയലിലിരുന്നു ശ്വാസംമുട്ടാൻ ഇനി ആ അധ്യാപികയില്ല
കൊല്ലം: നീതി തേടി ഓരോ വാതിലും അലഞ്ഞ്, ഒടുവിൽ ഒരു സഹതാപവാക്കു പോലും കേൾക്കാതെ തിരുവോണ നാളില്‍ ആ അധ്യാപിക മടങ്ങി. എൻഎസ്എംജിഎച്ച്എസിലെ ഹിന്ദി അധ്യാപികയായ ശ്രീകല ഓസ്റ്റിന്റെ (51) മരണം.
ചെയ്ത ജോലിക്കുള്ള ശമ്പളം തേടി 4 വർഷമായി സർക്കാർ ഒാഫിസുകൾ കയറിയിറങ്ങി അവസാനം അവര്‍ മരിച്ചത് ഹൃദയം പൊട്ടി.
കൊട്ടിയം പറക്കുളം ഐവി വില്ലയിൽ ഓസ്റ്റിൻ എൻഎസ്എംജിഎച്ചിലെ ഹിന്ദി അധ്യാപകനായിരുന്നു. ഹൃദയാഘാതം മൂലമുള്ള അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് ജോലി ശ്രീകലയ്ക്കു ലഭിച്ചു. കടവൂരിലെ സ്കൂളിലായിരുന്നു ആദ്യ നിയമനം. ജോലി ലഭിച്ച് ഏതാനും മാസം ശമ്പളം ലഭിച്ചില്ല. പരാതിപ്പെട്ടപ്പോൾ തുക ഒരുമിച്ചു നൽകി. ഇതിനിടെയാണു കൊട്ടിയത്തെ സ്കൂളിലേക്കു സ്ഥലംമാറ്റം ലഭിച്ചത്. അന്നു മുതൽ ശമ്പളം ലഭിക്കാതെയായി. ഇവിടെ ജോലി ആരംഭിച്ച് 4 വർഷമായിട്ടും സ്ഥിതി അതുതന്നെ.
ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും കടം വാങ്ങിയാണു ശ്രീകലയും മക്കളായ വിൻസെന്റ് എ.പണ്ടാലയും ആൽവിൻ.എ.പണ്ടാലയും അടങ്ങുന്ന കുടുംബം ജീവിച്ചത്. മക്കളുടെ വിദ്യാഭ്യാസത്തിനായി വസ്തുവും പണയപ്പെടുത്തേണ്ടി വന്നു. ആശ്രിത പെൻഷൻ എന്ന നിലയിൽ ലഭിച്ച തുക മാത്രമായിരുന്നു ഏക ആശ്വാസം. ശമ്പളമെന്ന ഏറ്റവും ന്യായമായ അവകാശത്തിനുവേണ്ടി വിദ്യാഭ്യാസ ഉപജില്ലാ ഒാഫിസ് മുതൽ സെക്രട്ടേറിയേറ്റ് വരെ അവർ കയറിയിറങ്ങി. മന്ത്രിമാരും ജനപ്രതിനിധികളും നൽകിയ ഉറപ്പുകളും പാലിക്കപ്പെട്ടില്ല.
7 വർഷം മുൻപ്, ഭര്‍ത്താവിന്‍റെ ജീവന്‍ അപഹരിച്ച ഹൃദയാഘാതം അവസാനം ശ്രീകലയുടെയും ജീവന്‍ എടുത്തു. എയ്ഡഡ് മേഖലയിലെ നിയമനവുമായി ബന്ധപ്പെട്ടു സർക്കാരും മാനേജ്മെന്റും തമ്മിലുള്ള തർക്കമാണു ശ്രീകലയ്ക്കു നീതി ലഭിക്കാതിരുന്നതിനു കാരണം. സർക്കാരിന്റെ അംഗീകാരം ലഭിക്കാത്തതിനാൽ ശമ്പളം ലഭിക്കാതെ, ഇതു പോലെ ആയിരക്കണക്കിന് ജീവനക്കാരാണ് എയ്‍ഡഡ് മേഖലയിലുള്ളത്. സീനിയോറിറ്റി സംബന്ധിച്ച അവ്യക്തതകളും നിലനിൽക്കുകയാണ്.