31 August, 2020 12:35:38 PM
ഓണകിറ്റിലെ ശർക്കര ആരോഗ്യത്തിന് ഹാനികരമെന്ന റിപ്പോര്‍ട്ട് ഒളിപ്പിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: ഓണക്കിറ്റിലൂടെ സൗജന്യമായി നല്‍കിയ ശര്‍ക്കര ആരോഗ്യത്തിന് ഹാനികരമെന്ന കണ്ടെത്തല്‍ ഒളിപ്പിച്ച് സര്‍ക്കാര്‍. ശര്‍ക്കര മുഴുവന്‍ ഭക്ഷ്യ യോഗ്യമല്ലാത്തതാണെന്ന് സര്‍ക്കാറിന്‍റെ കീഴിലുള്ള കോന്നിയിലെ ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലാബറട്ടറിയാണ് കണ്ടെത്തിയത്. സിവിള്‍ സപ്‌ളൈസ് കോര്‍പ്പറേഷന്‍ മുഖേന വിതരണം ചെയ്ത ശര്‍ക്കരയുടെ സാമ്പിളുകള്‍ പരിശോധിച്ച ശേഷം വിശദമായ റിപ്പോര്‍ട്ടാണ് സര്‍ക്കാറിന് നല്‍കിയത്.
കോര്‍പ്പറേഷന്‍ 10 വിതരണ കമ്പനികളുടെ ശര്‍ക്കരയാണ് വിതരണം ചെയ്തത്. എല്ലാ കമ്പനികളുടേയും ശര്‍ക്കര പരിശോധിച്ച ശേഷം ഒരോന്നിലേയും കുഴപ്പങ്ങള്‍ ചൂണ്ടികാട്ടിയാണ് സര്‍ക്കാര്‍ ലാബറട്ടറി റിപ്പോര്‍ട്ടു നല്‍കിയത്. സംസ്ഥാന സര്‍ക്കാറിന്‍റെ കീഴിലുള്ള കോപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ നല്‍കിയ ശര്‍ക്കരയിലും മായം ചേര്‍ക്കല്‍ നടന്നിട്ടുണ്ടെന്നും ശര്‍ക്കരയായി പരിഗണിക്കാന്‍ കഴിയില്ലന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. ഓണക്കിറ്റ് വിതരണം വിവാദമായിട്ടും കഴിഞ്ഞ 24 ന് ലഭിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ രഹസ്യമാക്കി വെയ്ക്കുകയായിരുന്നുവെന്ന് തട്ടിപ്പ് പുറത്തുകൊണ്ടുവന്ന ബിജെപി നേതാവ് സന്ദീപ് വചസ്പതി പറയുന്നു.