31 August, 2020 09:06:24 AM
ബൈക്കും മൊബൈലും വാങ്ങാൻ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് വിറ്റു

ബംഗളൂരു: ബൈക്കും മൊബൈലും വാങ്ങാൻ മൂന്നുമാസം പ്രായമായ പെണ്‍കുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് പിതാവ് വിറ്റു. ചിക്കബെല്ലാപുര ചിന്താമണി സ്വദേശിയായ കർഷകത്തൊഴിലാളിയാണ് കുഞ്ഞിനെ സമീപഗ്രാമത്തിലെ ദന്പതിമാർക്ക് വിറ്റത്. ഇയാൾ ഒളിവിലാണ്.
ദിവസങ്ങളായി കുട്ടിയെ കാണാതായതോടെ അയൽക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. കുഞ്ഞിന്റെ അമ്മയെ പോലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവം വെളിപ്പെട്ടത്. പോലീസ് അന്വേഷിക്കുന്ന വിവരമറിഞ്ഞതിനെത്തുടർന്നാണ് അച്ഛൻ ഒളിവിൽപ്പോയത്.
ഒരാഴ്ച മുന്‍പാണ് ഇയാൾ കുഞ്ഞിനെ മാമച്ചനഹള്ളിയിലെ കുട്ടികളില്ലാത്ത ദന്പതിമാർക്ക് വിറ്റത്. ഭാര്യയെ ഭീഷണിപ്പെടുത്തിയാണ് കുഞ്ഞിനെ വിൽക്കാൻ സമ്മതിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ദന്പതിമാരിൽ നിന്ന് കിട്ടിയ തുകയിൽ 50,000 രൂപ ബൈക്ക് വാങ്ങാനും 15,000 രൂപ ഫോണ്‍ വാങ്ങാനുമാണ് ഇയാൾ ഉപയോഗിച്ചത്.
പ്രസവിച്ചയുടൻ ബംഗളൂരുവിലെ ആശുപത്രിയിൽവെച്ചും കുഞ്ഞിനെ ഇയാൾ വിൽക്കാൻ ശ്രമിച്ചതായാണ് കണ്ടെത്തൽ. അന്ന് ആശുപത്രി അധികൃതരുടെ ഇടപെടലിനെത്തുടർന്ന് കഴിഞ്ഞില്ല. പിന്നീട് മാമച്ചനഹള്ളിയിലെ ദന്പതിമാരെക്കുറിച്ചറിഞ്ഞ ഇയാൾ ഇവരുമായി ബന്ധപ്പെടുകയായിരുന്നു.
ദന്പതിമാരിൽനിന്ന് കുഞ്ഞിനെ ഏറ്റെടുത്ത അധികൃതർ ചിക്കബെല്ലാപുരയിലെ ബാലഭവനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, കുഞ്ഞിനെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് അമ്മ രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്ന് ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസർ അറിയിച്ചു.