28 August, 2020 06:37:21 PM
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: എം.ഡിയുടെ മക്കള്‍ ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിക്കവെ പിടിയില്‍
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായ തോമസ് ഡാനിയേലിന്‍റെ മക്കള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് പിടിയിലായി. റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവരാണ് പിടിയിലായത്. ഇവര്‍ ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. റിനു സ്ഥാപനത്തിന്‍റെ സി.ഇ.ഒയും റിയ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്. ഇരുവര്‍ക്കുമെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇരുവരേയും കേരളത്തിലേക്കെത്തിക്കാന്‍ പോലീസ് ഡല്‍ഹിയിലേക്ക് തിരിച്ചു. സ്ഥാപനത്തിന്‍റെ മാനേജിങ് പാര്‍ട്ണറായ തോമസ് ഡാനിയല്‍ എന്ന റോയിയും, ഭാര്യയും സ്ഥാപനത്തിന്റെ പാര്‍ട്ണറുമായ പ്രഭ ഡാനിയേല്‍ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങള്‍ മടക്കിനല്‍കാതായതോടെയാണ് ഫിനാന്‍സിനെതിരെ പരാതികള്‍ ഉയര്‍ന്നുവന്നത്. നൂറുകണക്കിന് പരാതികള്‍ ഉയര്‍ന്നതോടെ തോമസ് ഡാനിയലും ഭാര്യയും ഒളിവില്‍ പോവുകയായിരുന്നു.
കാലാവധി കഴിഞ്ഞ നിക്ഷേപങ്ങള്‍ മടക്കി നല്‍കാത്തതിന് കോന്നി പോലീസ് സ്റ്റേഷനില്‍ ഇരുവര്‍ക്കുമെതിരേ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന് പോപ്പുലര്‍ ഫിനാന്‍സ് ആസ്ഥാനത്തെ ഓഫീസ് റെയ്ഡ് ചെയ്തിരുന്നു. സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലുമായി 325 ശാഖകളാണുള്ളത് സ്ഥാപനത്തിനുള്ളത്. സ്ഥാപനം 2000 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് വിവരം. പോപ്പുലര്‍ ഫിനാന്‍സിന് സംസ്ഥാനത്ത് മാത്രം 270 ശാഖകളുണ്ട്.