25 August, 2020 06:00:33 PM
സെക്രട്ടറിയേറ്റില്‍ തീപിടിത്തം; പൊതുഭരണവകുപ്പ് ഓഫീസിലെ ഫയലുകള്‍ കത്തിനശിച്ചു
തിരുവനന്തപുരം: ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിൽ തീപിടിത്തം. പൊതുഭരണവകുപ്പ് സ്ഥിതിചെയ്യുന്ന സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിനോട് ചേർന്നുള്ള പ്രോട്ടോകോൾ വിഭാഗം ഓഫീസിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ നിരവധി ഫയലുകളും ഒരു കംപ്യൂട്ടറും കത്തി നശിച്ചതായാണ് വിവരം. കത്തി നശിച്ച ഫയലുകള്‍ ഏതെല്ലാമാണെന്ന കാര്യത്തില്‍ വ്യക്തത ഇല്ല. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.
വൈകീട്ട് അഞ്ചുമണിയോടെ ആണ് തീപ്പിടുത്തം ഉണ്ടായത്. കമ്പ്യൂട്ടറിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ജീവനക്കാർ പറയുന്നു. ഓഫീസിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. അതേസമയം മാധ്യമ പ്രവർത്തകരെ സെക്രട്ടേറിയറ്റ് വളപ്പിലേക്ക് പ്രവേശിക്കാൻ പ്രോട്ടോകോൾ ഓഫീസർ അനുവദിച്ചില്ല.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഏറെ വിവാദത്തിലായ പ്രോട്ടോകോൾ ഓഫീസിലാണ് തീപടിത്തമുണ്ടായിരിക്കുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻ.ഐ.എ പ്രോട്ടോകോൾ ഓഫീസറെ വിളിച്ചു വരുത്തിയിരുന്നു. ഇതിനു പിന്നാലെ തീപിടിത്തമുണ്ടായതിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എല്ലാ തെളിവുകളും നശിപ്പിച്ച് സ്വർണക്കടത്തിലെ പ്രതികളെ രക്ഷിക്കാൻ കേരള മുഖ്യമന്ത്രി ശ്രമിക്കുകയാണ്. നാണംകെട്ട നടപടിയാണ് നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം വേണം. വിദേശയാത്രകൾ സംബന്ധിച്ച രേഖകൾ പ്രോട്ടോകോൾ ഓഫീസിലാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.