11 August, 2020 08:05:30 PM


എല്ലാ റേഷന്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്കും ഓണക്കിറ്റ്: വിതരണതീയതികള്‍ അറിയാം



തിരുവനന്തപുരം : ഓണക്കിറ്റ് വിതരണ തിയതികള്‍ പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ 88 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുന്ന ഓണക്കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറയിച്ചു. റേഷന്‍കടകളിലൂടെ വ്യാഴാഴ്ച കിറ്റ് വിതരണം ചെയ്തു തുടങ്ങും. 500 രൂപ വിലയുള്ള ഉല്‍പ്പന്നങ്ങളാണ് കിറ്റിലുണ്ടാകുക.


ആദ്യഘട്ടത്തില്‍ അന്ത്യോദയ വിഭാഗത്തില്‍പ്പെട്ട 5,95,000 കുടുംബങ്ങള്‍ക്ക് കിറ്റ് നല്‍കും. പിന്നീട് 31ലക്ഷം മുന്‍ഗണനാകാര്‍ഡുകള്‍ക്ക് കിറ്റ് വിതരണം ചെയ്യും. ഓഗസ്റ്റ് 13, 14 , 16 തീയതികളില്‍ അന്ത്യോദയ വിഭാഗത്തിലുള്ള മഞ്ഞ കാര്‍ഡുകള്‍ക്ക് കിറ്റുകള്‍ നല്‍കും. 19, 20, 21, 22 തീയതികളിലായി മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള പിങ്ക് കാര്‍ഡുകള്‍ക്ക് കിറ്റ് നല്‍കും. ഓണത്തിനു മുന്‍പ് ശേഷിക്കുന്ന 51 ലക്ഷം കുടുംബങ്ങള്‍ക്ക് (നീല, വെള്ള കാര്‍ഡുകള്‍) കിറ്റുകള്‍ വിതരണം ചെയ്യും.


എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഓഗസ്റ്റ് 21 മുതല്‍ 10 ദിവസത്തേക്ക് ഓണച്ചന്തകള്‍ നടത്തും. റേഷന്‍ കാര്‍ഡ് ഉടമകള്‍ ജൂലൈ മാസത്തില്‍ ഏതു കടയില്‍നിന്നാണോ റേഷന്‍ വാങ്ങിയത് അതേ കടയില്‍നിന്ന് ഓണക്കിറ്റ് വിതരണം ചെയ്യും. മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് 15 രൂപ നിരക്കില്‍ 10 കിലോഗ്രാം സ്‌പെഷല്‍ അരി ഓഗസ്റ്റ് 13 മുതല്‍ നല്‍കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K