10 August, 2020 02:14:51 PM
വിരട്ടല്‍ വേണ്ട; ലൈഫ് മിഷൻ അഴിമതിയില്‍ മുഖ്യമന്ത്രിക്കും പങ്ക് - രമേശ് ചെന്നിത്തല
തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതി വൻ അഴിമതിയാണെന്നും അതിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി അറിയാതെ ലൈഫ് മിഷനിൽ ഒന്നും നടക്കില്ല. വിവാദ സ്ത്രീക്ക് ഒരു കോടി രൂപവരെ കമ്മീഷൻ പറ്റാനുള്ള അവസരം എങ്ങനെയാണ് ഉണ്ടായത്. പാവപ്പെട്ടവർക്ക് വീട് നിർമിക്കാനുള്ള പദ്ധതിയിലും കമ്മീഷൻ വാങ്ങിയെന്നും ഇക്കാര്യത്തിൽ സിബിഐ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
എല്ലാ വാർത്താ സമ്മേളനങ്ങളിലും മുൻ മുഖ്യമന്ത്രിയെ ആക്ഷേപിക്കാനാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ശ്രമം. തലനാരിഴ കീറി പരിശോധിച്ചിട്ടും ഉമ്മൻ ചാണ്ടിക്കെതിരെ ഒരു പെറ്റി കേസ് എടുക്കാൻ കഴിഞ്ഞോയെന്നും ചെന്നിത്തല ചോദിച്ചു. പിണറായി എണ്ണി എണ്ണി പറഞ്ഞാൽ എണ്ണി എണ്ണി മറുപടി പറയും. അന്തം വിട്ട പ്രതി എന്തും ചെയ്യും എന്ന അവസ്ഥയാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
രാജമലയിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബംഗങ്ങൾക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തോട്ടം തൊഴിലാളികൾക്ക് ലയങ്ങൾക്ക് പകരം ഒരു ബെഡ് റൂം വീടുകൾ വച്ച് നൽകണമെന്നും അദ്ദേഹം ആവശ്യം ഉന്നയിച്ചു.