09 August, 2020 11:23:04 AM
വിജയവാഡയിൽ കോവിഡ് കെയര്‍ സെന്‍ററിൽ വൻ അഗ്നിബാധ; ഏഴ് മരണം
അമരാവതി: ആന്ധ്രാപ്രദേശിൽ കോവിഡ് ചികിത്സാ കേന്ദ്രത്തിലുണ്ടായ വൻ അഗ്നിബാധയിൽ ഏഴ് പേർ മരിച്ചു. വിജയവാഡയിലെ രമേശ് ഹോസ്പിറ്റൽ കോവിഡ് കെയർ സെന്‍ററായി ഏറ്റെടുത്ത സ്വർണ്ണ പാലസ് എന്ന ഹോട്ടലിലാണ് വൻ തീപിടുത്തമുണ്ടായിരിക്കുന്നത്. രാവിലെ അഞ്ച് മണിയോടെയായിരുന്നു തീപിടുത്തം ആരംഭിച്ചതെന്നാണ് സൂചന. അഗ്നിബാധയെ തുടർന്നുണ്ടായ കനത്ത പുകയില്‍ ശ്വാസ തടസം അനുഭവപ്പെട്ടാണ് ആളുകളുടെ മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കോവിഡ് രോഗികളും ജീവനക്കാരും അടക്കം നാൽപ്പതോളം പേർ ഹോട്ടലിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഹോട്ടലിൽ നിന്ന് പുറത്തെത്തിച്ച ആളുകളെ കോവിഡ് കെയർ കേന്ദ്രമായി പ്രവർത്തിക്കുന്ന മറ്റൊരു ഹോട്ടലിലേക്കാണ് മാറ്റിയിരിക്കുന്നത്. പുലർച്ചയോടെ താഴത്തെ നിലയിൽ ആരംഭിച്ച തീ അധികം വൈകാതെ തന്നെ മുകളിലെ നിലകളിലേക്ക് പടർന്നു പിടിക്കുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മുകളിൽ നിന്ന് ജനാല വഴി താഴേക്ക് ചാടി ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.
സംഭവത്തില്‍ ഞെട്ടൽ അറിയിച്ച മുഖ്യമന്ത്രി വൈ.എസ്.ജഗൻമോഹൻ റെഡ്ഡി, തീപിടിക്കാനുണ്ടായ കാരണം സംബന്ധിച്ച വിവരങ്ങൾ തേടിയിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അന്‍പത് ലക്ഷം രൂപ ധനസഹായവും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയെ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചിട്ടുണ്ട്.