08 August, 2020 06:07:08 PM
'നമ്മള്‍ ആയിരുന്നു ശരിയെന്നു കാലം തെളിയിക്കട്ടെ': രഹ്ന ഫാത്തിമ പൊലീസില്‍ കീഴടങ്ങി
കൊച്ചി: മക്കളെക്കൊണ്ട് നഗ്ന ശരീരത്തില്‍ ചിത്രം വരപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കേസില്‍ രഹ്ന ഫാത്തിമ പൊലീസില്‍ കീഴടങ്ങി. എറണാകുളം സൗത്ത് പൊലീസാ സ്റ്റേഷനിലാണ് ഇന്ന് വൈകിട്ടോടെ രഹ്ന കീഴടങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഇന്ന് ഹാജരാകുമെന്ന് രഹ്ന നേരത്തെ തന്നെ ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരുന്നു. രഹ്നയുടെ ജാമ്യ ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ പൊലീസില്‍ കീഴടങ്ങിയത്.
പ്രായപൂര്‍ത്തിയാകാത്ത മകനെ തന്റെ അര്‍ധ നഗ്ന ശരീരത്തില്‍ ചിത്രം വരയ്ക്കാന്‍ അനുവദിക്കുകയും അതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനുമാണ് കേസ്. പോക്സോ, ഐടി നിയമങ്ങള്‍ പ്രകാരമാണു രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം തുടര്‍ അന്വേഷണത്തോടും നിയമ നടപടികളോടും പൂര്‍ണമായും സഹകരിക്കുമെന്ന് രഹ്ന ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. "മുന്‍കൂര്‍ ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ ഇന്ന് വൈകീട്ട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകും. തുടര്‍ അന്വേഷണത്തോടും നിയമ നടപടികളോടും പൂര്‍ണമായും സഹകരിക്കും. സാമൂഹിക മാറ്റത്തിനും, ലിംഗ സമത്വത്തിനും, സ്ത്രീ ശരീരത്തെ അമിത ലൈംഗികവത്കരിക്കുന്നതിന് എതിരെയും പോരാടാന്‍ സപ്പോര്‍ട്ട് ചെയ്ത എല്ലാവരോടും സ്നേഹം. നമ്മള്‍ ആയിരുന്നു ശരിയെന്നു കാലം തെളിയിക്കട്ടെ," രഹ്ന ഫാത്തിമ ഫെയ്സ്ബുക്കില്‍ കുറിച്ചു.
.
പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതോടെ രഹ്ന ഒളിവില്‍ പോകുകയായിരുന്നു. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഐടി ആക്‌ട് പ്രകാരവും ബാലനീതി നിയമപ്രകാരവും കേസ് നിലനില്‍ക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി തള്ളുകയായിരുന്നു. ഇതോടെ പ്രമുഖ അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ വഴി സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും പരമോന്നത കോടതിയും അപേക്ഷ തള്ളി.