08 August, 2020 09:35:19 AM
ലാന്റ് ചെയ്യുന്നതിന് മുമ്പ് പലവട്ടം ആകാശത്ത് കറങ്ങി; ഒരു മുന്നറിയിപ്പും നൽകിയില്ല; രക്ഷപ്പെട്ടവര്‍ പറയുന്നു
കോഴിക്കോട്: കരിപ്പൂരില്‍ ഉണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് കേരളം. 16 പേരാണ് അപകടത്തില്‍ മരിച്ചത്. 171 പേര്‍ ചികിത്സയിലാണ്. ഇതില്‍ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. ലാന്‍ഡ് ചെയ്യുന്നതിന് മുമ്പ് വിമാനം ഒന്നിലേറെ തവണം വട്ടം കറങ്ങിയെന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ പറയുന്നു.
'വിമാനം ലാന്റ് ചെയ്തതിന് മുന്‍പ് ആകാശത്ത്, നിര്‍ത്താനാവാത്ത രീതിയില്‍ കറങ്ങി കറങ്ങി നില്‍ക്കുകയായിരുന്നു. സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നെങ്കിലും തലയും കണ്ണിന്റെ ഭാഗവും മുന്നിലോട്ട് ആഞ്ഞ് ഇടിച്ചു എന്നാണ് സിദ്ധിഖ് മുഹമ്മദ് എന്ന യാത്രകന്‍ പറയുന്നത്. വിമാനാപകടം വളരെ അപ്രതീക്ഷിതമായിരുന്നെന്നും മുന്നറിയിപ്പു പോലും ഉണ്ടായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
'ലാന്റ് ചെയ്തതും മൊത്തം അങ്ങ് ക്രാഷായി. പിന്നെ ഞങ്ങള്‍ അതിന്റെ ഉള്ളില്‍ കുടുങ്ങിപ്പോയി. കുറച്ച് സമയം അതിന്റെ ഉള്ളിലിരുന്നിരുന്നു. വിമാനം ചൂടാകുന്നതൊക്കെ അറിഞ്ഞു. പുറത്തേക്ക് എത്തിയപ്പോഴാണ് ആളുകള്‍ മരിച്ചതൊക്കെ അറിഞ്ഞത്. മറ്റൊന്നും അറിഞ്ഞില്ല. ലാന്റ് ചെയ്യുന്നതിന് മുന്‍പ് തന്നെ എന്തൊക്കെയോ ശബ്ദങ്ങള്‍ കേട്ടിരുന്നു. പൊതുവേ വിമാനത്തില്‍ യാത്ര ചെയ്യുമ്പോഴുള്ള ശബ്ദമായിരുന്നില്ല. ലാന്റ് ചെയ്തപ്പോള്‍ സമാധാനമായി. എന്നാല്‍ ലാന്റ് ചെയ്തപ്പോഴുള്ള വിമാനത്തിന്റെ വേഗം നിയന്ത്രിക്കാനായില്ല. അങ്ങിനേ പോയി അത് ക്രാഷായി. അത്രയേ അറിയൂ. ഏറ്റവും മുന്നിലായിരുന്നു ഞാനും മോളും ഉമ്മയും ഒക്കെയുണ്ടായിരുന്നു. അപകടത്തില്‍പ്പെട്ട ഫാത്തിമ വ്യക്തമാക്കി