07 August, 2020 03:56:02 PM


രാത്രി 1 മണിക്ക് സ്വപ്‌നയും പ്രതികളും ഫ്ലാറ്റിൽ കൂടിയത് പ്രാര്‍ത്ഥിക്കാനല്ല - കസ്റ്റംസ്



കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സരിത്ത് പിടിയിലായതിന് പിന്നാലെ ഒളിവില്‍ പോകാനും സ്വപ്‌ന തന്റെ സ്വാധീനം ഉപയോഗിച്ചതായി കസ്റ്റംസ്. അതിര്‍ത്തി കടക്കാന്‍ സ്വപ്‌ന ഉന്നതങ്ങളിലെ തന്റെ സ്വാധീനം ഉപയോഗപ്പെടുത്തി. സ്വപ്‌നയുടെ ജാമ്യാപേക്ഷയെ എതിര്‍ത്താണ് കസ്റ്റംസിന്റെ വാദം. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ ഭരണത്തില്‍ സ്വാധീനം ഉണ്ടാകുന്നത് ഒരു സ്വാഭാവികമായ കാാര്യമാണെന്നും സ്വര്‍ണ്ണക്കടത്തിന് ഒത്താശ ചെയ്‌തെന്ന് കുറ്റത്തിന് ഒരുമാസമായിട്ടും കസ്റ്റംസിന് തെളിവ് കണ്ടെത്താനായിട്ടില്ലെന്നുമാണ് സ്വപ്‌നയുടെ അഭിഭാഷകന്‍ വാദിച്ചത്. അതേസമയം സ്വപ്‌നയ്‌ക്കെതിരേ ശക്തമായ തെളിവുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്.


പോലീസിലും സ്വപ്‌നയ്ക്ക് വലിയ പിടിപാടുണ്ട്. ഉന്നത ബന്ധം ഉപയോഗപ്പെടുത്തിയാണ് കേരളം കടന്നത്. കോവിഡ് കാലത്തെ കര്‍ശന പരിശോധനകള്‍ നില നില്‍ക്കുമ്പോള്‍ പോലും ചെക്ക് പോസ്റ്റ് കടന്നുപോകാന്‍ കഴിയുമെന്ന് സ്വപ്‌നയ്ക്ക് ഉറപ്പുണ്ടായിരുന്നു. കുറ്റവാളി അല്ലെങ്കില്‍ പിന്നെ സ്വപ്‌ന എന്തിനാണ് സന്ദീപിനൊപ്പം നാടുവിട്ടത് എന്നും കസ്റ്റംസ് ചോദിച്ചു. സന്ദീപിന്റെ ഭാര്യ സ്വപ്‌നയ്‌ക്കെതിരേ മൊഴി നല്‍കിയിട്ടുണ്ട്. ബാഗില്‍ സ്വര്‍ണ്ണം ഉണ്ടെന്ന് ഉറപ്പുള്ളത് കൊണ്ടാണ് തിരിച്ചയയ്ക്കാന്‍ സ്വപ്‌ന ശ്രമിച്ചത്.


രാത്രി ഒരുമണിക്ക് പ്രതികളെല്ലാം ഫ്‌ളാറ്റില്‍ ഒത്തു ചേര്‍ന്നത് പ്രാര്‍ത്ഥിക്കാനോ കോവിഡ് പ്രതിരോധത്തെക്കുറിച്ച ആലോചിക്കാനോ അല്ലെന്ന് പരിഹസിച്ച കസ്റ്റംസ് സ്വര്‍ണ്ണക്കടത്തിന്റെ ഗൂഡാലോചനയ്ക്ക് വേണ്ടിയായിരുന്നു ഇതെന്നും പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥനും ഈ ഫ്‌ളാറ്റില്‍ വന്നിട്ടുണ്ട്. ഇത്തരത്തില്‍ സ്വാധീനമുള്ളവര്‍ ഉള്ളപ്പോള്‍ ജാമ്യം നല്‍കിയാല്‍ കേസിന്റെ അവസ്ഥ പിന്നെന്താകുമെന്നും കസ്റ്റംസ് ചോദിച്ചു. അതേസമയം കസ്റ്റംസ് അന്വേഷിക്കുന്ന കേസില്‍ പോലീസിന്റെ സ്വാധീനം കൊണ്ട് എന്ത് ഗുണമാണ് ഉള്ളതെന്നായിരുന്നു ഇതിന് സ്വപ്‌നയുടെ അഭിഭാഷകന്‍ ചോദിച്ചത്. സ്വപ്‌നയുടെ ജാമ്യാപേക്ഷ വിധി പറയാന്‍ 12 ലേക്ക് മാറ്റി വെച്ചിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K