07 August, 2020 03:16:55 PM
രാജമല ദുരന്തം: മരണം 11 ആയി; നാലു പേരുടെ നില ഗുരുതരം; മണ്ണിനടിയില്‍ 58 പേര്‍
മൂന്നാര്‍: രാജമല നെയ്മക്കാട് പെട്ടിമുടിയില്‍ കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്‍ എസ്‌റ്റേറ്റിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. ആറ് പുരുഷന്മാരും രണ്ട് സ്ത്രീകളും മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇവരില്‍ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമുണ്ട്.
പന്ത്രണ്ടു പേരെ ജീവനോടെ പുറത്തെടുത്തു. ഇവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. മണ്ണിനടിയില്‍ ഇനിയും 55 പേര്‍ കൂടി ഉണ്ടെന്നാണ് വിവരം. ആദ്യം രക്ഷിക്കുന്നവരെ മൂന്നാറിലെ ടാറ്റ ആശുപത്രിയില്‍ എത്തിക്കാനാണ് തീരുമാനം. 78 പേര്‍ ദുരന്തത്തില്‍ പെട്ടുവെന്നാണ് റവന്യു അധികൃതര്‍ നല്‍കുന്ന വിവരം.
രക്ഷാപ്രവര്‍ത്തനത്തിനായി തൃശൂരുനിന്നും ആരക്കോണത്തുനിന്നും കൂടുതല്‍ ദുരന്ത നിവാരണ സേന യൂണിറ്റുകളെ എത്തിക്കുകയാണ്. നിലവില്‍ ഏലപ്പാറ, ആലപ്പുഴ, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യൂണിറ്റുകള്‍ എത്തിയിട്ടുണ്ട്.
റോഡ് മണ്ണ്മൂടി കിടക്കുന്നതിനാല്‍ അവിടേക്കുള്ള യാത്ര ദുഷ്‌കരമാണ്. രക്ഷാപ്രവര്‍ത്തകരുടേയും ആരോഗ്യപ്രവര്‍ത്തകരുടെയും വാഹനങ്ങള്‍ കടന്നുപോകുന്നില്ല. നടന്നുപോയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
പ്രദേശത്ത് ശക്തമായ കാറ്റും മൂടല്‍മഞ്ഞും അനുഭവപ്പെടുന്നതിനാല്‍ ഹെലികോപ്ടര്‍ മാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം സാധ്യമല്ല. കാലാവസ്ഥ അനുകൂലമായാല്‍ എയര്‍ലിഫ്റ്റിംഗ് നടത്തും. വേ്യാമസേനയുടെ സഹായം സര്‍ക്കാര്‍ തേടിയിട്ടുണ്ട്. വ്യോമസേനയുടെ 50 അംഗങ്ങള്‍ സ്ഥലത്തേക്ക് പുറപ്പെട്ടു. മൊബൈല്‍ റേഞ്ച് ഉറപ്പാക്കാന്‍ ബി.എസ്.എന്‍.എല്‍ ടവര്‍ നന്നാക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
നാലു ലയങ്ങള്‍ പൂര്‍ണ്ണമായും മണ്ണിനടിയിലായി. തേയില കമ്പനിയുടെ കാന്റീനും മണ്ണിനടിയിലാണ്. ലയങ്ങളില്‍ 20 ഓളം വീടുകളിലായി 83 പേര്‍ ഉണ്ടെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന സൂചന. കൊവിഡിനെ തുടര്‍ന്ന് തോട്ടങ്ങളില്‍ പണിയില്ലാതായതും കനത്ത മഴയും കാരണം ആളുകള്‍ വീടുകളില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്.
പുലര്‍ച്ചെ നാലരയോടെയാണ് മണ്ണിടിഞ്ഞുവീണതെന്നാണ് പ്രാഥമിക വിവരം. നടന്നത് വലിയ അപകടമാണെന്നും ജനങ്ങളെ ജീവനോടെ പുറത്തെടുക്കുന്നതിനാണ് പ്രാഥമിക പരിഗണനയെന്നും ഐ.ജി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു.