05 August, 2020 06:13:33 PM


ട്രഷറി തട്ടിപ്പ്: പ്രതി ബിജുലാൽ അറസ്റ്റിൽ; പിടിയിലായത് വക്കീലിനെ കാണുന്നതിനിടെ



തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസിലെ പ്രതി എം ആർ ബിജുലാൽ പിടിയിലായി. വഞ്ചിയൂരിൽ അഭിഭാഷകനെ കാണുന്നതിനിടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വഞ്ചിയൂര്‍ കോടതിക്ക് പിന്നിലുള്ള അഭിഭാഷകന്റെ ഓഫീസില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്.


താന്‍ ട്രഷറിയില്‍ നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്നും ഓണ്‍ലൈനില്‍ റമ്മി കളിച്ച് കിട്ടുന്ന പണമാണ് തന്റെ അക്കൗണ്ടിലുള്ളതെന്നും ബിജു ലാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ ഉപയോഗിച്ച് വേറെ ആരോ തട്ടിപ്പ് നടത്തിയതെന്നും ഇക്കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കട്ടെ എന്നും ബിജു ലാല്‍ പറഞ്ഞു.


പൊലീസില്‍ കീഴടങ്ങാനായാണ് രാവിലെ ബിജുലാല്‍ അഭിഭാഷകന്റെ ഓഫീസിലെത്തിയത്. മാധ്യമങ്ങളുമായി സംസാരിക്കവെ പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ ബിജുലാലിനെ കമ്മീഷണര്‍ ഓഫീസിലേക്ക് കൊണ്ടുപോയി. മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്ന് അറിഞ്ഞതോടെയാണ് ബിജുലാല്‍ കീഴടങ്ങാനെത്തിയത്. വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസര്‍നെയിമും പാസ് വേഡും  ഉപയോഗിച്ച്, ജില്ലാകളക്ടറുടെ അക്കൗണ്ടില്‍നിന്നാണ് ബിജുലാല്‍ തന്റെയും ഭാര്യയുടെയും ട്രഷറി അക്കൗണ്ടിലേക്ക് രണ്ടുകോടി രൂപ മാറ്റിയത്. ഇതില്‍നിന്ന് 61.23 ലക്ഷം രൂപ വിവിധ ബാങ്കുകളിലെ നാല് അക്കൗണ്ടുകളിലേക്കു മാറ്റിയിരുന്നു.


ജൂലായ് 27നാണ് ഈ തട്ടിപ്പ് വിവരം കണ്ടുപിടിക്കുന്നത്. ഏകദേശം രണ്ടു കോടിയോളം രൂപയാണ് ആണ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് എം.ആര്‍ ബിജു ലാല്‍ തന്റെയും ഭാര്യയുടെയും പേരിലേക്ക് മാറ്റിയത്. തട്ടിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബിജുലാലിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K