01 August, 2020 07:13:09 PM


പി.എം.എ.വൈ യുടെ പേരില്‍ വ്യാജ പ്രചാരണം: വഞ്ചിതരാകരുതെന്ന് നോഡൽ ഓഫീസർ



കോട്ടയം:  പി.എം.എ വൈ പദ്ധതിയിൽ ആഗസ്റ്റ് 14 വരെ ഗുണഭോക്താക്കളെ ചേർക്കുന്നുവെന്ന പേരിലുള്ള വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുതെന്ന് പി.എം.എ.വൈ (ഗ്രാമീൺ) സ്റ്റേറ്റ് നോഡൽ ഓഫീസറും അഡീഷണൽ ഡവലപ്പ്‌മെന്റ് കമ്മീഷണറുമായ വി.എസ്.സന്തോഷ് കുമാർ അറിയിച്ചു. സംസ്ഥാന സർക്കാർ  ലൈഫ് പദ്ധതിയിൽ പുതിയ ഗുണഭോക്താക്കളെ ആഗസ്റ്റ് ഒന്നു മുതൽ 14 വരെ പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നുണ്ട്. ഈ പ്രവർത്തനത്തെ തടസ്സപ്പെടുത്താനാണ് പി.എം.എ.വൈ യുടെ പേരിൽ വ്യാജ വാട്ട്‌സ്അപ്പ് പോസ്റ്റുകൾ പ്രചരിക്കുന്നത്.


പി. എം.എ.വൈ (ജി) യിൽ  ആവാസ്പ്ലസ് മൊബൈൽ ആപ് മുഖേന പുതിയ ഗുണഭോക്താക്കളെ ചേർക്കുന്നതിന്  2019 മാർച്ച് 8 വരെയാണ് കേന്ദ്ര സർക്കാർ അനുമതി തന്നിരുന്നത്. അങ്ങനെ ചേർത്ത ഗുണഭോക്താക്കളുടെ ആധാർ പരിശോധനയ്ക്കു ശേഷമേ തുടർനടപടികൾ ഉണ്ടാകുകയുള്ളൂ. ആവാസ് പ്ലസിൽ പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാർ അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വ്യാജ പ്രചാരണങ്ങൾ കണ്ട് തെറ്റിദ്ധരിച്ച് വി.ഇ.ഒമാരെയോ, ജനപ്രതിനിധികളെയോ സമ്മർദ്ദത്തിലാക്കരുതെന്ന് അഭ്യർത്ഥിക്കുന്നതായും പി.എം.എ.വൈ (ഗ്രാമീൺ) സ്റ്റേറ്റ് നോഡൽ ഓഫീസർ അറിയിച്ചു.


ലൈഫ് പദ്ധതിയിൽ ഉൾപ്പെടാതെ പോയ അർഹർക്ക് അപേക്ഷിക്കാൻ 14 വരെ അവസരമുണ്ട്. ശനിയാഴ്ച (ആഗസ്റ്റ് ഒന്ന്) രജിസ്‌ട്രേഷൻ ആരംഭിച്ചതുമുതൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ശനിയാഴ്ച രാവിലെ 10.30 ഓടെ തന്നെ 500 ൽ അധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആഗസ്റ്റ് 14 വരെ സമയമുള്ളതിനാൽ അപേക്ഷകർ തിരക്കുകൂട്ടാതെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് രജിസ്‌ട്രേഷൺ പൂർത്തിയാക്കണം.


കണ്ടൈൻമെൻറ് സോണിലുള്ളവർക്ക് ആവശ്യമെങ്കിൽ സമയം നീട്ടികൊടുക്കുന്നകാര്യം പരിഗണിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു. നേരിട്ടോ, തദ്ദേശസ്ഥാപനങ്ങളിലെ ഹെൽപ് ഡെസ്‌കുകൾ വഴിയോ അക്ഷയ കേന്ദ്രം മുഖേനയോ അപേക്ഷ സമർപ്പിക്കാം. അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാൻ 40 രൂപയാണ് ഫീസ്. വിശദവിവരങ്ങളും അപേക്ഷ ഫോറവും www.life2020.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K