28 July, 2020 11:51:30 PM
ശിവശങ്കറിന്റെ ചോദ്യംചെയ്യല്‍ നീണ്ടത് 10 മണിക്കൂർ; ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കും
കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ 10 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനുശേഷം അന്വേഷണ ഏജന്‍സി വിട്ടയച്ചു. വേണ്ടി വന്നാല്‍ വീണ്ടും വിളിപ്പിക്കുമെന്നാണ് എന്‍.ഐ.എ. അറിയിച്ചത്. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയ്ക്കു ശേഷമാകും തുടര്‍നടപടിയില്‍ തീരുമാനം.
രണ്ടുദിവസമായി 19.5 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനുശേഷം വിട്ടയച്ചതോടെ ശിവശങ്കര്‍ തിരുവനന്തപുരത്തിനു മടങ്ങി. ഇന്നലെ ചോദ്യംചെയ്യല്‍ പത്തുമണിക്കൂര്‍ നീണ്ടു. ആറരയോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെങ്കിലും 8.40 നാണു പുറത്തിറങ്ങിയത്.
അതേസമയം, ഇതുവരെയുള്ള തെളിവുകളും മൊഴികളുംവച്ചു കേസില്‍ തീവ്രവാദ ബന്ധം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രതികളുമായുള്ള ഫോണ്‍ വിളികളുടെയും ശിവശങ്കറിന്റെ ഫ്‌ളാറ്റിലാണു ഗൂഢാലോചന നടന്നത് എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ശിവശങ്കറെ ചോദ്യംചെയ്തത്.