27 July, 2020 11:32:06 AM
ശിവശങ്കറിനെ ചോദ്യം ചെയ്തു തുടങ്ങി; ഉത്തരം തേടുന്ന പ്രധാന ചോദ്യങ്ങൾ ഇവ
കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ചോദ്യം ചെയ്തുതുടങ്ങി. പുലര്‍ച്ചെ നാലരയോടെ തിരുവനന്തപുരത്തുനിന്നും തിരിച്ച ശിവശങ്കർ ഒൻപതരയോടെ കൊച്ചിയിലെത്തി. പ്രത്യേക സംഘമാണ് ചോദ്യം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായതിനാൽ ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കറിന്‍റെ കാര്യത്തിൽ എൻഐഎ എന്തു നിലപാട് എടുക്കുന്നുവെന്നത് സർക്കാരിനും നിർണായകമാണ്.
കേസിന്‍റെ പ്രാധാന്യവും സംസ്ഥാനത്തെ ഒരു മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ എന്നതും പരിഗണിച്ച് എന്‍.ഐ.എ. കൊച്ചി യൂണിറ്റിനൊപ്പം ദില്ലി, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘമാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നത്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധിപ്പിക്കുന്ന നിരവധി ചോദ്യങ്ങളാകും ശിവശങ്കറിനെ കാത്തിരിക്കുന്നത്.
- കസ്റ്റംസിനും എൻ.ഐ.എയ്ക്കും നൽകിയ മൊഴികളിൽ പൊരുത്തക്കേടുകൾ എങ്ങനെ ഉണ്ടായി?
- സ്വപ്നയുമായി സൗഹൃദം ഉണ്ടാകാനുള്ള സാഹചര്യം?
- എന്തിന് സ്വപ്ന യ്ക്കും സരിത്തിനും ഫ്ലാറ്റ് എടുത്ത് നൽകി?
- വിദ്യാഭ്യാസ യോഗ്യതയില്ലാത്ത സ്വപ്നയ്ക്ക് ജോലി നൽകാൻ എന്തിന് താൽപ്പര്യമെടുത്തു?
- സ്വപ്ന വഴി സരിത്, സന്ദീപ് എന്നിവരെ എന്തിന് പരിചയപ്പെട്ടു? ബന്ധം സ്ഥാപിച്ചു?
- സ്വപ്നയുമായി സാമ്പത്തിക ഇടപാട് നടന്നത് എന്തിന്?
- ഡിപ്ലൊമാറ്റിക് ബാഗേജ് വരുന്ന ദിവസം, അതിന് തലേന്ന്, വിട്ടുകിട്ടാൻ വൈകിയ ദിവസങ്ങൾ - സ്വപ്നയുമായി അസാധാരണമാം വിധം നിരവധി ഫോൺ കോളുകൾ ഉണ്ടായത് എന്തിന്?
- ഈ ദിവസങ്ങളിൽ സ്വപ്ന, സന്ദീപ് എന്നിവരുമായി കണ്ടത് എന്തിന്?
- മറ്റൊരു ഫോണിൽ നിന്ന് കസ്റ്റംസിനെ വിളിച്ചത് എന്തിന്?
- വിദേശയാത്രകൾ എന്തിനു വേണ്ടിയായിരുന്നു?
- വിദേശ യാത്രയ്ക്കിടെ ഫൈസൽ ഫരീദിനെ പരിചയപ്പെടുകയും ആതിഥ്യം സ്വീകരിക്കുകയും ചെയ്തോ?
- ഇങ്ങനെ അന്വേഷണ സംഘത്തിനുള്ള സംശയങ്ങളിൽ വ്യക്തത വരുത്താനാണ് ശിവശങ്കറിനെ കൊച്ചിയില്‍ വിളിപ്പിച്ച് എൻ.ഐ.എ ചോദ്യം ചെയ്യുന്നത്. എന്‍.ഐ.എ.യുടെ കൊച്ചി ഓഫീസില്‍ പ്രത്യേകം തയ്യാറാക്കിയ മുറിയില്‍ നടക്കുന്ന ചോദ്യംചെയ്യല്‍ വീഡിയോയില്‍ പകര്‍ത്തുന്നുമുണ്ട്.