23 July, 2020 05:44:20 PM


ഡഫേദാറിന് കോവിഡ്: കോട്ടയം ജില്ലാ കളക്ടര്‍ ഉള്‍പ്പെടെ ക്വാറന്‍റയിനില്‍



കോട്ടയം: ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ക്വാറന്റയിനില്‍ പ്രവേശിച്ചു. കളക്ടറുടെ കാര്യാലയത്തിലെ ഡഫേദാരായ കോട്ടയം സ്വദേശിക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. ഇദ്ദേഹവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ കളക്ടറും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അനില്‍ ഉമ്മനും ഉള്‍പ്പെടെ 14 പേരെയാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. എല്ലാവര്‍ക്കും ക്വാറന്റയിന്‍ നിര്‍ദേശിച്ചു. ഇന്ന് ഉച്ചയോടെ പുറത്തുവന്ന പരിശോധനാഫലത്തിലാണ് കലക്ടറുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗമായ ഡഫേദാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 


കൂടുതല്‍ പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്ടുകളെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.  രോഗം ബാധിച്ച ജീവനക്കാരന്‍ ജൂലൈ 18നാണ് അവസാനം ഓഫീസില്‍ എത്തിയത്. പനിയുണ്ടായതിനെത്തുടര്‍ന്ന് 21ന് സാമ്പിള്‍ പരിശോധനയ്ക്ക് വിധേയനായി. അവസാന സമ്പര്‍ക്കത്തിനുശേഷം ഏഴു ദിവസം തികയുന്ന ജൂലൈ 26ന് ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകും. ഇന്നു മുതല്‍ കോട്ടയത്തെ ഔദ്യോഗിക വസതിയില്‍നിന്നായിരിക്കും ചുമതലകള്‍ നിര്‍വഹിക്കുകയെന്നും അണുവിമുക്തമാക്കിയശേഷം ഓഫീസ് സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.


അതിനിടെ, കോട്ടയം നഗരമധ്യത്തിലെ മാളിലെ ജ്വല്ലറി ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. ചുങ്കം പുല്ലരിക്കുന്ന് സ്വദേശിക്കാണ് രോഗം ബാധിച്ചത്. ഒരാഴ്ചയായി ഇയാള്‍ സ്ഥാപനത്തില്‍ ജോലിക്കെത്തിയിരുന്നില്ല. ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാള്‍ അണുവിമുക്തമാക്കി.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K