22 July, 2020 06:05:48 PM


സെക്രട്ടേറിയറ്റിലെ സിസിടിവി മൊത്തം നിശ്ചലമായെന്ന് സർക്കാർ; തെളിവ് നശിപ്പിച്ചതെന്ന് പ്രതിപക്ഷം



തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സിസിടിവി സംവിധാനം ഇടിമിന്നലിൽ തകരാറിലായിരുന്നെന്ന് ചീഫ് സെക്രട്ടറി. സ്വർണക്കടത്ത് കേസിലെ പ്രതികൾ സെക്രട്ടേറിയറ്റിൽ വന്നു പോയെന്നും സിസിടിവി ദൃശ്യങ്ങൾ പുറത്തു വിടണം എന്നുമുള്ള ആവശ്യം ശക്തമാകുന്നതിനിടെയാണ് സിസിടിവി തകരാറിൽ ആയിരുന്നുവെന്ന് ചീഫ് സെക്രട്ടറി തന്നെ പറയുന്നത്.


കേടായ സിസിടിവി സംവിധാനം തകരാർ പരിഹരിച്ചതിന് പണം അനുവദിച്ചു കൊണ്ടാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. ഈ മാസം 13ന് അണ് തകരാർ പരിഹരിച്ചതിന് പണം അനുവദിച്ച് ഉത്തരവിറക്കിയത്. എന്നാൽ എന്നുമുതലാണ് സിസിടിവി തകരാറിലായിരുന്നത് എന്ന് ഉത്തരവിൽ പറയുന്നില്ല.

സ്വർണക്കടത്ത് കേസ് പ്രതികളെ സംരക്ഷിക്കാനുള്ള സർക്കാർ നീക്കത്തിന്  ചീഫ് സെക്രട്ടറി കൂട്ടു നിൽക്കുന്നു എന്നാണ് പ്രതിപക്ഷ ആരോപണം. സിസിടിവി കേടായിരുന്നുവെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഇതിനു വേണ്ടിയാണ്. സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ച് കേസിലെ തെളിവ് നശിപ്പിക്കാനാണ് ചീഫ് സെക്രട്ടറി ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.


ചീഫ് സെക്രട്ടറിയുടെ ഓഫീസിനു സമീപത്തുള്ള സിസിടിവി സംവിധാനമാണ് തകരാറിലായത്. ഐടി വകുപ്പിലെ പ്രധാന ഓഫീസുകൾ ഈ സിസിടിവികളുടെ നിരീക്ഷണത്തിലായിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികൾ സെക്രട്ടേറിയറ്റിലെ ഐടി വകുപ്പ് ഓഫീസുകളിൽ പലതവണ വന്നുപോയെന്നായിരുന്നു ആരോപണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K