22 July, 2020 11:48:41 AM
നിയമസഭാ സമ്മേളനം മാറ്റിയേക്കും; അവിശ്വാസത്തിൽ നിന്ന് രക്ഷപെടാനെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപന ഭീഷണി രൂക്ഷമായ സാഹചര്യത്തിൽ തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിയേക്കും. ധനബിൽ പാസാക്കുന്നതിനുവേണ്ടിയാണ് അടിയന്തിരമായി നിയമസഭാ സമ്മേളനം ചേരാൻ നേരത്തെ തീരുമാനിച്ചിരുന്നത്. ധനബിൽ പാസാക്കാൻ മറ്റു നിയമവ ശങ്ങളും ആലോചിക്കും. ധനബിൽ ഓർഡിനൻസായി കൊണ്ടുവന്നേക്കും.
നിയമസഭാ സമ്മേളനം മാറ്റുന്നതടക്കം വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ഇന്നു ചേരേണ്ട മന്ത്രിസഭാ യോഗം വ്യാഴാഴ്ചത്തേക്ക് മാ റ്റുകയായിരുന്നു. ഈയാഴ്ച മന്ത്രിസഭാ യോഗം ഒഴിവാക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ നിയമസഭാ സമ്മേളനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനായി മന്ത്രിസഭ വ്യാഴാഴ്ച ചേരാൻ ഇന്നലെ രാത്രിയോടെ തീരുമാനിക്കുകയായിരുന്നു.
എന്നാൽ സഭാ സമ്മേളനം മാറ്റിവയ്ക്കുന്നതിനെതിരെ പ്രതിപക്ഷം ഇതിനോടകം എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സ്പീക്കറെ നീക്കൽ പ്രമേയവും അവിശ്വാസ പ്രമേയവും നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനെ തടയാനാണ് സർക്കാർ നീക്കമെന്നാണ് പ്രതിപക്ഷ ആരോപണം. വെള്ളിയാഴ്ച വിളിച്ചു ചേർത്തിരിക്കുന്ന സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം ഇക്കാര്യം ഉന്നയിക്കും.